പുറ്റടി സ്‌പൈസസ് പാർക്കിലെ ഓൺലൈൻ ലേലം (ഫയൽ ചിത്രം)

ഏജൻസികൾ തമിഴ്​നാട്ടിലേക്ക്; പുറ്റടിയിലെ ഓൺലൈൻ ഏലക്ക ലേലം പ്രതിസന്ധിയിൽ

കട്ടപ്പന: സ്വകാര്യ കമ്പനികളുടെ ഒാൺലൈൻ ഏലക്ക ലേലം സജീവമായതോടെ പുറ്റടി സ്‌പൈസസ്​ പാർക്ക്‌ ഉപേക്ഷിച്ച്​ ലേല ഏജൻസികൾ തമിഴ്നാട്ടിലേക്ക് കടക്കുന്നു. ഇതോടെ പുറ്റടി സ്‌പൈസസ് പാർക്കിലെ ഏലക്ക ഓൺലൈൻ ലേലം പ്രതിസന്ധിയിലായി. പുറ്റടിയിൽ ലേലം നടത്തിയിരുന്ന ഏജൻസികൾ സ്‌പൈസസ് ബോർഡി​െൻറ ഏലക്ക ലേലത്തിന്​ ബദലായി തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ കേന്ദ്രീകരിച്ച്​ സ്വകാര്യ ഓൺലൈൻ ലേലം തുടങ്ങിയതാണ് വിനയായത്.

കേന്ദ്രസർക്കാറി​െൻറ പുതിയ കാർഷിക നിയമത്തി​െൻറ പിൻബലത്തിലാണ് സ്വകാര്യകമ്പനികൾ തമിഴ്നാട്ടിൽ ഏലക്ക ഓൺലൈൻ ലേലം തുടങ്ങിയത്. ഇതോടെ ലേല ഏജൻസികൾ പുറ്റടി സ്‌പൈസസ് പാർക്ക്‌ ഉപേക്ഷിച്ചു തമിഴ്നാട്ടിലേക്ക് കടന്നു. പുറ്റടിയിൽ ഏലക്ക ഓൺലൈൻ ലേലം നടത്തിയിരുന്ന 12 ഏജൻസിയിൽ 11ഉം ബോഡിനായ്​ക്കന്നൂർ കേന്ദ്രീകരിച്ച്​ സ്വകാര്യ ഓൺലൈൻ ലേലം തുടങ്ങി. പുറ്റടിയിൽ ലേലം നടക്കുന്ന അതേ സമയത്താണ് ബോഡിനായ്​ക്കന്നൂരിലും. ഇതോടെ പുറ്റടി സ്‌പൈസസ്​ പാർക്ക് നോക്കുകുത്തിയായി മാറുന്ന സ്ഥിതിയായി. പുറ്റടിയിൽ ബുധനാഴ്ച സുഗന്ധഗിരി ഏജൻസിയുടെ ഇ^ലേലം നടന്നിരുന്നു. അവരും അടുത്ത ലേലം മുതൽ ബോഡിനായ്ക്കന്നൂരിലേക്ക് മാറി സ്വന്തം നിലയിൽ ലേലം തുടങ്ങും. അടുത്ത ആഴ്ച നടക്കേണ്ട ഗ്രീൻ ഹൗസ് കാർഡമം കമ്പനിയുടെ ലേലമായിരിക്കും പുറ്റടി സ്‌പൈസസ് പാർക്കിൽ അവസാനത്തേത്​ എന്നാണ്​ സൂചന.

കേന്ദ്രസർക്കാർ അടുത്തിടെ പുറപ്പെടുവിച്ച കാർഷിക ഓർഡിനൻസ് പ്രകാരം കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ രാജ്യത്തെവിടെയും യഥേഷ്​ടം വിൽക്കാം. ഈ നിയമത്തി​െൻറ പിൻബലത്തിലാണ് ഏജൻസികൾ സ്വന്തമായി ഓൺലൈൻ വ്യാപാരം ആരംഭിച്ചത്​. സ്‌പൈസസ് ബോർഡി​െൻറ കടുത്ത നിയമങ്ങളാണ് പുറ്റടി ഉപേക്ഷിച്ച്​ സ്വകാര്യ ലേലം തുടങ്ങാൻ ഏജൻസികളെ പ്രേരിപ്പിച്ചത്.

പുറ്റടിയിൽ ലേലം നടത്തണമെങ്കിൽ സ്‌പൈസസ് ബോർഡിന് ഏജൻസികൾ യൂസർ ഫീ നൽകണം. ലേലത്തിന്​ പതിയുന്ന ഏലക്കയുടെ തൂക്കമനുസരിച്ചാണ് യൂസർ ഫീ. ടണ്ണിന് 450 രൂപയാണ് നിരക്ക്. കൂടാതെ, ഏജൻസികൾ നാലുകോടി രൂപ ബാങ്ക് ഗാരൻറിയും നൽകണം.

സ്വകാര്യ ഓൺലൈൻ കച്ചവട സ്ഥാപനങ്ങളും വ്യക്തികളും ലേലം നടത്താൻ ബാങ്ക് ഗാരൻറിയും യൂസർഫീയും നൽകേണ്ട ആവശ്യമില്ല. അതിനാൽ ലൈസൻസ് ഉള്ള ആർക്കും ഓൺലൈൻ ഏലക്ക കച്ചവടം ആരംഭിക്കാം. ഇതിന് സ്‌പൈസസ് ബോർഡി​െൻറ നിയന്ത്രണം ഇല്ല. ഓൺലൈൻ കച്ചവട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബാങ്ക് ഗാരൻറി ഇല്ലാത്തതിനാൽ ഏലക്കയുടെ വില വ്യാപാരികൾ നൽകാതെ വന്നാൽ അത് കർഷകർക്ക് നഷ​്​ടമാകും. സ്‌പൈസസ്​ ബോർഡി​െൻറ ഓൺലൈൻ ലേലത്തിൽ 21 ദിവസം കഴിഞ്ഞാലേ കർഷകർക്ക് ഏലക്ക വിറ്റ പണം ലഭിക്കൂ. പണം നേര​േത്ത വേണ്ട കർഷകർ 24 ശതമാനം പലിശ നൽകിയാലേ ഏജൻസി ബാങ്ക് വഴി പണം നൽകൂ.

കേരളത്തിന്​ നഷ്​ടം; തമിഴ്​നാടിന്​ നേട്ടം

കട്ടപ്പന: സ്വകാര്യ ഏല ലേല ഏജൻസികൾ പുറ്റടി സ്‌പൈസസ് പാർക്ക് ഉപേക്ഷിച്ചു തമിഴ്നാട്ടിലേക്ക് കടന്ന് ഏലക്ക ഓൺലൈൻ വിൽപന ആരംഭിച്ചത് സംസ്ഥാന ഖജനാവിന് പ്രഹരമാകും. എസ്​.ജി.എസ്​.ടി ഇനത്തിൽ സംസ്ഥാനത്തിന് ലഭിച്ചിരുന്ന കോടികളാണ് നഷ്​ടമാകുക. പുറ്റടി സ്‌പൈസസ് പാർക്കിൽ ഓൺലൈൻ ലേലം കഴിഞ്ഞ്​ സംസ്ഥാനത്തിനുള്ള എസ്​.ജി.എസ്​.ടി കിഴിച്ചാണ് കർഷകർക്ക് പണം നൽകിയിരുന്നത്. 12 ഏജൻസിയാണ് പുറ്റടി സ്‌പൈസസ് പാർക്ക് കേന്ദ്രീകരിച്ച്​ ഏലക്ക ഓൺലൈൻ ലേലം നടത്തിയിരുന്നത്.

ഓരോ ഏജൻസിയിലും ശരാശരി 30,000 മുതൽ ഒരു ലക്ഷം ടൺ വരെ ഏലക്കയാണ് ഓരോ ലേലത്തിലും വിൽപനക്ക്​ പതിച്ചിരുന്നത്. ഏലക്ക വിറ്റുപോകുമ്പോൾ ലഭിക്കുന്ന തുകയുടെ അഞ്ചുശതമാനം നികുതിയായി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ഈ പണമാണ് നഷ്​ടമാകുക. ഇനി ഈ തുകയിൽ നല്ലൊരു ഭാഗവും തമിഴ്നാടിന്​ ലഭിക്കാനാണ് സാധ്യത. ലേല ഏജൻസികളിൽനിന്ന് യൂസർ ഫീ ഇനത്തിൽ സ്‌പൈസസ് ബോർഡിന് ലഭിച്ചിരുന്ന തുകയും ഇല്ലാതാകും.

Tags:    
News Summary - Agencies move to Tamil Nadu; Online cardamom auction in Puttadi in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.