തൊടുപുഴ: ജലാശയങ്ങൾ ഏറെയുള്ള ഇടുക്കിയിൽ ജലസുരക്ഷയുടെ കാര്യത്തിൽ നാം ഏറെ പിന്നിലാണെന്ന് തെളിയിക്കുകയാണ് അടിക്കടിയുള്ള മുങ്ങിമരണങ്ങൾ.ശനിയാഴ്ച നെടുങ്കണ്ടത്ത് ചെക്ഡാമിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ വർഷം 32 മുങ്ങിമരണമാണ് ജില്ലയിൽ ഉണ്ടായത്. ഇത്തവണയും കേസുകൾ വർധിക്കുന്നതായാണ് കണക്കുകൾ.
നെടുങ്കണ്ടത്ത് കഴിഞ്ഞ ദിവസം പടുതക്കുളത്തിൽ വീണും വിദ്യാർഥിനി മരിച്ചിരുന്നു. ഒരുമാസം മുമ്പ് ഇടവെട്ടി കനാലിൽ വീണും ഒരു വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞു.ഡാമുകളും ജലാശയങ്ങളും മുതൽ പാറക്കുളങ്ങളും കിണറുകളും വരെ മരണക്കയങ്ങളാകുമ്പോഴും വേണ്ടത്ര ജാഗ്രത ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. നീന്തൽ വശമില്ലാഞ്ഞിട്ടും പുഴകളിലും ജലാശയങ്ങളിലും കുളിക്കാൻ ഇറങ്ങി മരണത്തെ ക്ഷണിച്ചുവരുത്തുന്നവർ ഏറെയുണ്ട്.
പല അപകടമേഖലകളിലും മതിയായ സൂചന ബോർഡുകളോ മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. മുങ്ങിമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശരിയായ ബോധവത്കരണം എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. പാഠ്യപദ്ധതിയുടെ ഭാഗമാക്കി വിദ്യാർഥികളെ നീന്തൽ അഭ്യസിപ്പിക്കുന്നതും പ്രഥമശുശ്രൂഷ പരിശീലനം നൽകുന്നതും അപകടങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാൻ സഹായിക്കും.
വേനൽക്കാലത്താണ് ജില്ലയിൽ കൂടുതൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവധിക്കാലത്ത് വിവിധയിടങ്ങളിൽ നീന്തൽ പരിശീലനങ്ങളും ബോധവത്കരണവും നടക്കുന്നുണ്ട്. പക്ഷേ, ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾക്ക് കുറവില്ല. അവധിക്കാലങ്ങളിൽ ബന്ധുവീടുകളിൽ സന്ദർശനത്തിനായെത്തുന്ന വിദ്യാർഥികളടക്കം അപകടത്തിൽപെട്ടിട്ടുണ്ട്. സ്ഥലം പരിചയമില്ലാത്തടക്കമാണ് അപകടത്തിന്റെ കാരണം.
ജലാശയങ്ങളിലും പുഴകളിലും മറ്റും പതിയിരിക്കുന്ന അപകടക്കെണികൾ തിരിച്ചറിയാതെ പോകുന്നതും ഇത്തരം ദുരന്തങ്ങൾക്കു വഴിതെളിക്കുന്നു. കൂട്ടുകാരൊത്ത് കുട്ടികൾ പുഴയിലിറങ്ങി സാഹസികത കാട്ടുന്നതും നീന്തലറിയാത്തവർ അതു മറച്ചുവെച്ചു കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതായി അധികൃതർ പറയുന്നു. വെള്ളത്തിൽ വീണ് അപകടമുണ്ടാകുമ്പോൾ, പലപ്പോഴും പെട്ടെന്നു രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാതെ വരുന്നതും വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.