ചെറുതോണി: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റ് നൽകി 20 ലക്ഷം രൂപ വായ്പ എടുത്ത കേസിൽ ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കേസിലെ ഒന്നാംപ്രതി അജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളമാവ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനാണിയാൾ.
പടമുഖം സ്വദേശിയായ കെ.കെ. സിജുവിന്റെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
2017ലാണ് അജീഷ് 20 ലക്ഷം രൂപ സംഘത്തിൽനിന്നു വായ്പയെടുത്തത്. നാലുപേരുടെ ജാമ്യത്തിൽ ആയിരുന്നു വായ്പ. ഇതിൽ തന്റെ ഒപ്പ് വ്യാജമായി ഇട്ടു എന്നായിരുന്നു കെ.കെ. സിജുവിന്റെ പരാതി. എസ്.പി ഓഫിസിലെ അക്കൗണ്ടന്റ് ഓഫിസർ നൽകിയ സാലറി സർട്ടിഫിക്കറ്റാണ് ജാമ്യത്തിനായി അജീഷ് നൽകിയതെന്നും എന്നാൽ, ഇത്തരത്തിൽ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ലെന്നുമാണ് സിജു പരാതിയിൽ പറഞ്ഞത്. ഈ സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണ സംഘം പണം അനുവദിച്ചത്.
അജീഷ് വായ്പ തരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽനിന്നു വായ്പാ തുക ഈടാക്കുമെന്ന നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നതെന്ന് പറയുന്നു.
സിജു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് അജീഷിനെ സസ്പെൻഡ് ചെയ്തത്. കുളമാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ അജീഷിനൊപ്പം അഞ്ചു പേർക്കെതിരെകൂടി കേസെടുത്തിട്ടുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലെ അക്കൗണ്ട്സ് ഓഫിസർ മീനകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കെ.കെ. ജോസി, ശശി, ഇപ്പോഴത്തെ ഭാരവാഹികളായ സനൽകുമാർ, അഖിൽ വിജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.