ചെറുതോണി: ഒരാഴ്ചയായി പദ്ധതി പ്രദേശത്തു ചെയ്യുന്ന മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇടുക്കി ജലസംഭരണിയിലേക്കു കൂടുതൽ വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി വകുപ്പ് ആരംഭിച്ച അഞ്ച് ഡൈവേർഷൻ പദ്ധതികളും തുടർച്ചയായ മഴയിൽ സജീവമായി. കുളമാവ് അണക്കെട്ടിനു പുറത്ത് വടക്കേപ്പുഴയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ചെക്കു ഡാം കെട്ടി സംഭരിച്ചു നിർത്തി പമ്പ് ചെയ്ത് അണക്കെട്ടിലേക്കു തിരിച്ചുവിടുന്നതാണ് വടക്കേപ്പുഴ ഡൈവേർഷൻ പദ്ധതി.
വാഗമൺ വഴിക്കടവിൽ ചെക്ക് ഡാം കെട്ടി വെറുതെ പാഴാകുന്ന വെള്ളം ഇടുക്കി ജലാശയത്തിലേക്കു തിരിച്ചുവിടുന്നതാണ് വഴിക്കടവ് പദ്ധതി.
നാരകക്കാനത്ത് ചെക്കു ഡാം കെട്ടി ഇടുക്കി ജലാശയത്തിന്റെ കല്യാണത്തണ്ട് ഭാഗത്തേക്കു ഒഴുക്കുന്നതാണ് നാരകക്കാനം ഡൈവേർഷൻ പദ്ധതി.
പീരുമേട്ടിലെ അഴുതയിലും മൂടാറിലും ഇതേ രീതിയിൽ തന്നെ വെള്ളം സംഭരിച്ച് ഇടുക്കി ജലാശയത്തിലേക്കു ഒഴുക്കുന്നു. കല്ലാറിലും ഇരട്ടയാറിലുമുള്ള പദ്ധതികൾ വർഷങ്ങൾ പഴക്കമുള്ളതാണ്.
ഇതിനുപുറമെ കല്ലാർ, ഇരട്ടയാർ ടണലുകളും നിറഞ്ഞു. ഇടുക്കി ജലസംഭരണിയിലേക്കു വെള്ളമൊഴുകിതുടങ്ങിയതോടെ വരും ദിവസങ്ങളിൽ ഡാമിലെ ജലനിരപ്പ് പടിപടിയായി ഉയരുമെന്നാണു പ്രതീക്ഷ.
ജില്ലയിലെ ചെറുകിട വൈദ്യുതി നിലയങ്ങളുടെ ജലസംഭരണികളെല്ലാം പൂർണശേഷിയിൽ തുടരുന്നതിനാൽ സംസ്ഥാനത്തെ ഏറ്റവും വലിയ കരുതൽ സംഭരണിയായ ഇടുക്കിയിൽ നിന്നുള്ള ഉൽപ്പാദനം വൈദ്യുതി വകുപ്പ് പരമാവധി താഴ്ത്താനുള്ള ഒരുക്കത്തിലാണ്.
കാലവർഷം സജീവമായതോടെ വടക്കേപ്പുഴ, വഴിക്കടവ് മൂടാർ, നാരകക്കാനം ഡൈവേർഷൻ പദ്ധതിയിൽ നിന്നും ഉദ്ദേശിച്ച ഫലം കിട്ടിയതോടെയാണ് ഇടുക്കി ജലസമൃദ്ധിയിലായത്. ഇതിനു പുറമെ കല്ലാർ, ഇരട്ടയാർ ടണലുകളിലൂടെയും ലക്ഷക്കണക്കിനു രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനാവശ്യമായ വെള്ളം പ്രതിദിനം എത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.