ചെറുതോണി: വനംവകുപ്പ് ലക്ഷങ്ങൾ മുടക്കി ജില്ല ആസ്ഥാനത്ത് നിര്‍മിച്ച ശലഭോദ്യാനം നാശത്തിന്റെ വക്കില്‍. ഇടുക്കി വെള്ളപ്പാറ ഫോറസ്റ്റ് ഡോര്‍മറ്ററിക്ക് സമീപം 25 സെന്റ് സ്ഥലത്താണ് ശലഭോദ്യാനം നിര്‍മിച്ചത്. അതീവ ജൈവവൈവിധ്യ പ്രത്യേകതയുള്ള സ്ഥലത്താണ് ഉദ്യാനം.
സംരക്ഷണഭിത്തി കെട്ടി വ്യത്യസ്തയിനം ചെടികള്‍ നട്ടുപിടിപ്പിച്ച് ശലഭങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഉദ്യാനം നിര്‍മിച്ചത്. വിവിധ വര്‍ണങ്ങളിലും വിഭാഗങ്ങളിലുംപെട്ട ശലഭങ്ങളുടെ ചിത്രങ്ങൾ ക്യു.ആര് കോഡ് സഹിതം പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി സംരക്ഷണമില്ലാത്തതിനാല്‍ ശലഭങ്ങളുടെ ചിത്രങ്ങൾ മാഞ്ഞുപോകുകയും ചെടികള്‍ കാടുകയറിയും ഉണങ്ങിയും നശിക്കുകയാണ്. ഉദ്യാനം പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ നിക്ഷേപിക്കുന്ന സങ്കേതമായി. മുന്‍കാലങ്ങളില്‍ വിവിധയിനം ശലഭങ്ങള്‍ ഇവിടെയെത്തിയിരുന്നു. ശലഭങ്ങളെ ആകര്‍ഷിക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള ചെടികളാണ് കൃഷിചെയ്തിരുന്നത്.
വിവിധ സെമിനാറുകള്‍ക്കായി ഡോര്മിറ്ററിയിലെത്തുന്ന വിദ്യാര്‍ഥികള്‍, പരിസ്ഥിതി പ്രവർത്തകർ, ഗവേഷണ വിദ്യാർഥികള്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനകരമായിരിന്നു ശലഭോദ്യാനം. വേണ്ടവിധം സംരക്ഷിക്കാൻ നടപടി ഇല്ലാതായതോടെ അപൂര്‍വ ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള അറിവുകള്‍ ഇല്ലാതാവുകയാണ്. ശലഭോദ്യാനം അടിയന്തരമായി നവീകരിച്ച് പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഗവേഷക വിദ്യാർഥികള്‍ക്കും ഉപകാരപ്രദമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.