ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിലെ മുഴുവൻ നിർമാണ പ്രവൃത്തികളും 2025 മാർച്ച് ഒമ്പതിനകം പൂർത്തീകരിക്കണമെന്ന് നിർവഹണ ഏജൻസിയായ കിറ്റ്കോക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകി. മെഡിക്കൽ മെഡിക്കൽ കോളജ് വികസനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
മന്ത്രി റോഷി അഗസ്റ്റിൻ, ജില്ല കലക്ടർ വി. വിഘ്നേശ്വരി, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ഇടുക്കി മെഡിക്കൽ കോളജിന് മാത്രമായി ഹൃദ്രോഗ വിഭാഗം ഉൾപ്പെടെ 51 ഡോക്ടർ തസ്തികൾ അനുവദിച്ചിട്ടുണ്ട്. ലക്ചറർ ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാട്ടേഴ്സ് എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയും പ്രവൃത്തികൾ തീർക്കാനുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കണം. പുതുതായി അനുവദിച്ച 50 ഏക്കർ സ്ഥലം ഉപയോഗപ്പെട്ടത്തുന്നതിനായി മാസ്റ്റർപ്ലാൻ തയാറാക്കും. സാധ്യമായ എല്ലാ പരിഗണനയും ഇടുക്കി മെഡിക്കൽ കോളജിന്റെ കാര്യത്തിൽ സർക്കാറിനുണ്ട്. കാത്ത് ലാബ് സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി അറിയിച്ചു. ഡി.എം.ഇ ഡോ. തോമസ് മാത്യു, ഡി.എം.ഒ ഡോ. എൽ. മനോജ്, മെഡിക്കൽ കോളജ് പ്രൻസിപ്പൽ ഡോ. ടോമി മാപ്പലകയിൽ, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
ഇടുക്കി: അതിർത്തി ജില്ലകൾക്ക് കൂടി പ്രയോജനപ്പെടുന്ന ഇടുക്കി മെഡിക്കൽ കോളജിന്റെ കാര്യത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് മന്ത്രി വീണ ജോർജ്. നൂറു ദിന കർമപരിപാടിയുടെ ഭാഗമായി കോളജിലെ വിവിധ നിർമാണ പദ്ധതികൾക്കായി അനുവദിച്ച 92 കോടി രൂപയിൽ നിന്ന് നിർമാണം പൂർത്തിയാക്കിയ ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാട്ടേഴ്സ്, മോഡുലാർ ലാബ്, ലക്ചറർ ഹാൾ, വിവിധ ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം മെഡിക്കൽ കോളജിൽ നിർവഹിക്കുകയായിരുന്നു അവർ. പ്രതിഭാധനരായ അധ്യാപകരുടെ സാന്നിധ്യമാണ് ഇടുക്കി മെഡിക്കൽ കോളജിനെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് മികച്ച വിജയശതമാനം നേടിയ മെഡിക്കൽ കോളജുകളിൽ രണ്ടാം സ്ഥാനം നേടാൻ ഇടുക്കിക്ക് കഴിഞ്ഞു. കുട്ടികൾ ഉന്നയിച്ച ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവക്കും പ്രഥമ പരിഗണന നൽകും.
2023ലെ ആദ്യ വർഷ ബാച്ചിൽ ഡിസ്റ്റിങ്ഷനോടെ വിജയിച്ച അർജുൻ കോശി, ടി.പി. ഗ്രീഷ്മ എന്നിവരെ മന്ത്രി ആദരിച്ചു. മെഡിക്കൽ കോളജിന്റെ ഭാവി വികസനത്തിൽ വലിയ കൂട്ടായ്മ ഉണ്ടാവണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.