ചെറുതോണി: ചക്കക്ക് ഇത് നല്ല കാലമാണ്. കുത്തനെ മേലോട്ടാണ് വില. കഴിഞ്ഞ വർഷം വരെ 10 രൂപ മുതൽ 20 രൂപ വരെ വിലയുണ്ടായിരുന്ന ചക്കക്ക് ഈ വർഷം 50 മുതൽ 60 രൂപ വരെ വിലയായി. കഴിഞ്ഞ വർഷം 18 ടണ്ണോളം ചക്ക ഇടുക്കിയിൽ നിന്ന് കയറ്റിയയച്ചു എന്നാണു കണക്ക്. ഏതാണ്ട് മൂന്ന് കോടിരൂപയുടെ വരുമാനമാണ് കഴിഞ്ഞ വർഷം ഇടുക്കിയിലെ കർഷകർക്ക് ലഭിച്ചത്. ഇവിടെ ചക്കക്ക് 60 രൂപ വരെ കർഷകർക്ക് ലഭിക്കുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ 300 രൂപ വരെ വിലക്കാണ് ഇടനിലക്കാർ വഴി വിറ്റഴിക്കുന്നത്. ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുംവർഷങ്ങളിലും നല്ല വരുമാനമാണ് കച്ചവടക്കാരും കർഷകരും പ്രതീക്ഷിക്കുന്നത്.
ഹൈറേഞ്ചിൽ എല്ലാ സീസണിലും ചക്കയുണ്ടന്നുള്ള പ്രത്യേകതയുണ്ട് . ഡിസംബർ മുതൽ ഏപ്രിൽ വരെയാണു ചക്കയുടെ സീസൺ. തണുപ്പു കൂടുതലുള്ള ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ പ്ലാവിൽ ചക്കയുണ്ടാവും. ഒരു വിധം കായ്ഫലമുള്ള പ്ലാവിൽ നിന്നും 50 ചക്ക വരെ ലഭിക്കും. എന്നാൽ, കാലവർഷം നീണ്ടുനിന്നാൽ ഉൽപാദനം കുറയുമെന്നാണ് കർഷകർ പറയുന്നത്. വാങ്ങുന്നവർ തന്നെ ചക്കയിട്ടുകൊണ്ടുപോകുമെന്നുള്ളതിനാൽ കർഷകർക്ക് മറ്റു ചെലവുകളില്ല. ഏറ്റവും കൂടുതൽ വില ലഭിക്കുന്നത് ഇടിഞ്ചക്കക്കാണ്. ഇതു വിറ്റഴിക്കാനാണ് കർഷകർ താൽപര്യം കാണിക്കുന്നത്.
ചക്കയിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾക്കും ഇപ്പോൾ നല്ല വിൽപനയാണ്. ജാം, സ്ക്വാഷ്, ജാക്ക് ഫ്രൂട്ട്, ചിപ്സ് പുട്ടുപൊടി ചട്നി, ചിപ്സ് സലാഡ് തുടങ്ങി വിവിധ ഉൽപന്നങ്ങൾ കുടുംബശ്രീ നിർമിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. ചക്കക്കുരുവിനും ചക്കയിൽ നിന്നുണ്ടാക്കുന്ന പൗഡറിനും നല്ല ഡിമാന്റാണ്. ജില്ലയിൽ കഴിഞ്ഞ വർഷം ഇടിഞ്ചക്ക വിപണിയിൽ മാത്രം നല്ല കച്ചവടമാണ് നടന്നത്. കഴിഞ്ഞ വർഷം 300 ടണ്ണോളം ഇടിഞ്ചക്ക ഡൽഹി, മുബൈ കൊൽക്കത്ത, ജയ്പൂർ എന്നിവിടങ്ങളിലെ മാർക്കറ്റിലേക്ക് കയറ്റിയയച്ചതായി കച്ചവടക്കാർ പറയുന്നു.
ടൺ കണക്കിന് ചക്ക അതിർത്തി കടക്കുമ്പോൾ കർഷകർക്ക് ഈ വില കിട്ടിയാൽപോരെന്ന് കർഷകർ പറയുന്നു. ചക്ക മറുനാടുകളിലേക്ക് കയറ്റി അയക്കുമ്പോൾ ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. കഴിഞ്ഞവർഷം മുതൽ ഹൈറേഞ്ചിലേക്ക് ചക്ക വാങ്ങാനെത്തുന്നവർ നിരവധിയാണ്. വാഹനവുമായെത്തി ചെറുതും വലുതുമായ ചക്കകൾ മൊത്തത്തിൽ വിലയുറപ്പിച്ച് വാങ്ങുന്ന കച്ചവടക്കാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.