ചെറുതോണി: ഗ്രാമീണ സർവിസുകൾ ഒന്നൊന്നാകെ നിർത്തലാക്കി കെ.എസ്.ആർ.ടി.സി നടപടി. ഇതോടെ ചില സബ് ഡിപ്പോകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പിന്നിൽ ജില്ലയിൽ ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളിയെന്ന് ആരോപണമുണ്ട്. ജില്ലയിൽ എല്ലായിടത്തുനിന്നും ഗ്രാമീണ സർവിസുകൾ നിരന്തരം നടന്നുകൊണ്ടിരുന്നതാണ്. ലാഭകരമായ സർവിസുകൾപോലും നിർത്തലാക്കി.
കട്ടപ്പനയിൽനിന്ന് തങ്കമണി ചെറുതോണി വഴി പാലക്കാട് ആനക്കട്ടിയിലേക്ക് 12 വർഷമായി ഓടിക്കൊണ്ടിരുന്ന ബസ് നിർത്തലാക്കി. കട്ടപ്പന-ഷോളയൂർ സർവിസും നിർത്തലാക്കി. ഇത്തരത്തിൽ നിരവധി ബസുകളാണ് നിർത്തലാക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കലക്ഷൻ ലഭിച്ചുകൊണ്ടിരുന്ന കട്ടപ്പന സബ് ഡിപ്പോ ഇപ്പോൾ നഷ്ടത്തിലാണ്. നെടുങ്കണ്ടം സബ് ഡിപ്പോയും തകർച്ചയുടെ വക്കിലാണ്. ടൂറിസം മേഖലയുടെ പ്രത്യേകതകൾ നിറഞ്ഞ മൂന്നാർ ഡിപ്പോയും വൻ നഷ്ടത്തിൽ.
ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥനും മേഖലതലത്തിലെ ചിലരും ചേർന്ന് സ്വകാര്യ ബസുകാരുമായി നടത്തുന്ന കള്ളക്കളിയാണ് പൊതുഗതാഗതത്തിന്റെ നടുവൊടിക്കുന്നതെന്നാണ് ആരോപണം.
സ്വകാര്യ ബസുകളുടെ മുന്നിൽ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കുക അതിന് ശേഷം പിൻവലിക്കുന്ന നടപടിയുമുണ്ട്. ഇതിലാണ് ദുരൂഹതയും കള്ളക്കളിയും.
സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും കെ.ആർ.ടി.സി സർവിസ് ആർക്കും വരുമാനമില്ലാതാക്കുന്ന രീതിയുമുണ്ട്. സ്വകാര്യബസുകളിൽനിന്ന് വ്യക്തിപരമായ നേട്ടം കിട്ടാതെ വരുമ്പോഴാണത്രേ ഇത്. ഗ്രാമീണ യാത്രക്കാരെ വലച്ചു ബസുകൾ നിർത്തലാക്കി പണം കൊയ്യുന്നെന്ന ആരോപണം നാട്ടുകാർക്കുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ സമരത്തിനൊരുങ്ങുകയാണ് യുവജന സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.