ചെറുതോണി: ജില്ല ആസ്ഥാനത്ത് പുതിയതായി അനുവദിച്ച മിനി ഫുഡ് പാര്‍ക്കിനായി കണ്ടെത്തിയ സ്ഥലം വിദഗ്ധ സംഘം പരിശോധിച്ചു. ഇടുക്കി ആലിന്‍ചുവട് ഭാഗത്ത് ഡി.ടി.പി.സി വിട്ടുനല്‍കുന്ന പത്ത് ഏക്കറാണ് സംഘം പരിശോധിച്ചത്. ഇവിടേക്ക് റെയില്‍വെ സ്റ്റേഷനില്‍നിന്നുള്ള ദൂരം, ഇതുവഴി കടന്നുപോകുന്ന പൊതുമരാമത്ത് റോഡിന്റെ സ്ഥിതി, ജല ലഭ്യത, എല്‍.ടി ലൈന്‍ വലിക്കാനുള്ള ദൂരം, മണ്ണിന്റെ ഘടന തുടങ്ങിയവ സംഘം വിലയിരുത്തി. തുടര്‍ നടപടികള്‍ക്കായി യോഗം ചേരുകയും ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സുഹൈല്‍ മുഹമ്മദ് ചെയര്‍മാനും കിന്‍ഫ്ര ടെക്നിക്കല്‍ മാനേജര്‍ അനില്‍കുമാര്‍ കണ്‍വീനറും കെ.എസ്.ഐ.ഡി.സി ഡെപ്യൂട്ടി മാനേജര്‍ ജസില്‍ ഉമ്മര്‍ അംഗവുമായ സംഘമാണ് യോഗം ചേര്‍ന്നത്. സ്ഥല പരിശോധനയിൽ ഇടുക്കി ഭൂരേഖ തഹസില്‍ദാര്‍ മിനി ജോണ്‍, മന്ത്രിയുടെ പ്രതിനിധി ബിനോയ് സെബാസ്റ്റ്യന്‍ എന്നിവരും പങ്കെടുത്തു.
മന്ത്രി റോഷി അഗസ്റ്റിന് ഈ മാസം ഏഴിനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 500 പേര്‍ക്ക് തൊഴില്‍ ലഭിക്കും. വിവിധ യൂനിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങളാണ് പാര്‍ക്കിന്റെ ഭാഗമായി ജില്ല വ്യവസായ വകുപ്പ് മുഖേന നടപ്പാക്കുക. സ്ഥലത്തിന്റെ കോണ്ടൂര് സര്‍വേ നടപ്പാക്കി അനുബന്ധ സൗകര്യങ്ങള്‍ കിന്‍ഫ്ര മുഖേന പൂര്‍ത്തിയാക്കി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.