ചെറുതോണി: കാലവർഷത്തിനു മുമ്പ് ഡാമുകളിലെ മണൽവാരി ആഴം കൂട്ടാനുള്ള നടപടി ഇടുക്കി ഡാമിൽ അടക്കം നടപ്പായില്ല. ഇടുക്കിക്കു പുറമെ ലോവർ പെരിയാർ, കല്ലാർകുട്ടി, പൊൻമുടി, ചെങ്കുളം, കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ കോടിക്കണക്കിനു രൂപയുടെ മണലാണ് അടിഞ്ഞുകൂടിയത്. ഇടുക്കി അണക്കെട്ടിൽ സെൻട്രൽ വാട്ടർ കമീഷൻ 2023 ൽ ഒരു മാസം താമസിച്ച് ബാത്തിക് മെട്രിക് സർവേ നടത്തി മണൽ നീക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് ചെറിയ ഡാമുകളിലെ മണലിന്റെ അളവുരേഖപ്പെടുത്തി അടിഞ്ഞ മണൽ നീക്കി സംഭരണശേഷി വർധിപ്പിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഒന്നാം ഇടതുപക്ഷ സർക്കാറിന്റെ അവസാന ബജറ്റിലും തുടർന്നുള്ള രണ്ടു ബജറ്റിലും നികുതി ലക്ഷ്യമിട്ട് ഡാമുകളിലെ മണൽ നീക്കാൻ നിർദേശമുണ്ടായിരുന്നു. മണൽ അടിഞ്ഞു കൂടി ചെറിയ ഡാമുകളുടെ സംഭരണ ശേഷി 50 ശതമാനത്തോളം കുറഞ്ഞതായി വിദഗ്ധർ പറയുന്നു. 2018ലെ പ്രളയത്തിൽ ഡാമുകളെല്ലാം മുന്നറിയിപ്പില്ലാതെ തുറക്കേണ്ടി വന്നത് ഇതു മുന്നിൽ കണ്ടായിരുന്നു. കാലവർഷത്തിനു മുമ്പ് മണൽ നീക്കി സംഭരണ ശേഷി വർധിപ്പിക്കണമെന്ന് ഡാം സുരക്ഷാവിഭാഗം ആവശ്യപ്പെട്ടിരുന്നു. ചെറിയ മഴ പെയ്താൽ പോലും ലോവർ പെരിയാർ പോലുള്ള ഡാമുകൾ തുറന്നു വിടേണ്ട അവസ്ഥയാണിപ്പോഴുള്ളത്. മണൽ നീക്കം ചെയ്താൽ നിർമാണ മേഖലയിലനുഭവപ്പെടുന്ന മണൽക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.