ചെറുതോണി: കാണാതായ അച്ഛനെത്തേടിയുള്ള മകന്റെ സഞ്ചാരം നീണ്ടത് ഏഴുവർഷം. മഹാരാഷ്ട്രയിൽനിന്ന് കാണാതായ അച്ഛനെ ഒടുവിൽ കണ്ടെത്തിയത് ഇടുക്കി തോപ്രാംകുടിയിലുള്ള അസീസി സ്നേഹസദനിൽനിന്ന്. വീടുവിട്ടുപോയ ചന്ദ്രബാനുവിനെ (45) മകൻ രോഹിത് അന്വേഷിക്കാത്ത സ്ഥലങ്ങളില്ല.
പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞ് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാർ പൊലീസാണ് മൂന്നുവർഷം മുമ്പ് ആകാശപ്പറവകൾ എന്ന സ്നേഹസദനിൽ എത്തിച്ചത്. കാണാതാകുമ്പോൾ അവിടത്തെ പൊലീസ് സ്റ്റേഷനിൽ ഫോട്ടോയും പരാതിയോടൊപ്പം മകൻ നൽകിയിരുന്നു. അടുത്തകാലത്ത് വീണ്ടും മഹാരാഷ്ട്ര പൊലീസ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോഴാണ് കാഞ്ഞാർ സ്റ്റേഷനിൽനിന്ന് ഫോട്ടോ കിട്ടിയത്. തുടർന്ന് മകനെ വിവരമറിയിക്കുകയായിരുന്നു.
ഇയാളെ കാണാതാകുമ്പോൾ മകന് 13വയസ്സായിരുന്നു. അന്നുമുതൽ അച്ഛന്റെ ഫോട്ടോ കൊണ്ടുനടക്കുകയായിരുന്നു ഈ മകൻ. തോപ്രാംകുടി സ്നേഹസദനിൽ അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. പിതാവിനെ കൂട്ടിക്കൊണ്ടുപോകാൻ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് രോഹിത് ബാനു എത്തിയത്.
വീട്ടിൽ അമ്മയും ഇളയ സഹോദരിയും പിതാവിനെ കാണാൻ കാത്തിരിക്കുകയാണെന്ന് മകൻ പറഞ്ഞു. മുന്നുവർഷമായി സ്നേഹസദനിൽ കഴിഞ്ഞ ചന്ദ്രബാനുവിനെ സിസ്റ്റർമാരും ഇരുപതോളം വരുന്ന അന്തേവാസികളും നിറഞ്ഞ സ്നേഹത്തോടെ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.