ചെറുതോണി: കൃഷിവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതിക്കായി പോരാടിയ കർഷകന് അരനൂറ്റാണ്ടിനുശേഷം നീതി. മരിയാപുരം മുണ്ടനാട്ട് സെബാസ്റ്റ്യൻ എന്ന 84കാരനാണ് കാട്ടുപന്നികളെ കൊല്ലാൻ അനുമതി ലഭിച്ച ജില്ലയിലെ ഏക കർഷകൻ. വനം വെട്ടിത്തെളിച്ച് മണ്ണിനെ പൊന്നാക്കിയ സെബാസ്റ്റ്യൻ കാട്ടുപന്നികളോട് തോറ്റപ്പോഴാണ് നിയമപോരാട്ടത്തിനിറങ്ങിയത്.
1959ൽ പാലായിൽനിന്ന് മരിയാപുരത്തേക്ക് കുടിയേറിയതാണ് സെബാസ്റ്റ്യൻ. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, കുരുമുളക്, കൊക്കോ, കാപ്പി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ ഈ കർഷകെൻറ തോട്ടത്തിലുണ്ട്. എന്നാൽ, അധ്വാനഫലം പലപ്പോഴും കാട്ടുപന്നികൾ നശിപ്പിച്ചു. ശല്യം രൂക്ഷമായപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് പരാതി നൽകി. നഷ്ടത്തിെൻറ 75 ശതമാനം തുക ഡി.എഫ്.ഒ അനുവദിച്ചു. എന്നാൽ, അറുതിയില്ലാത്ത കാട്ടുപന്നി ശല്യത്തിനെതിരെ പോരാടാൻ ഉറച്ച സെബാസ്റ്റ്യൻ കോഴിക്കോട് കേന്ദ്രമായ വി ഫാം എന്ന സംഘടനയിൽ ചേർന്നു.
കാട്ടുപന്നി ശല്യത്തിനെതിരെ സംഘടന വഴിയാണ് ഹൈകോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ പരാതിക്കാർക്ക് അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡെന കോടതി നിർദേശിച്ചത്. അനുമതി ലഭിച്ച 10 പേരിൽ ഇടുക്കിയിൽനിന്ന് സെബാസ്റ്റ്യൻ മാത്രം.
കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ കർഷകരുടെ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും ഒന്നോരണ്ടോ പേർ നിയമപോരാട്ടം നടത്തിയിട്ട് കാര്യമില്ലെന്നും സെബാസ്റ്റ്യൻ പറയുന്നു. കോടതി ഉത്തരവ് വന്നെങ്കിലും കാട്ടുപന്നിയെ എങ്ങനെ കൊല്ലുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വെടിവച്ചുകൊല്ലാൻ തോക്കില്ല. സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ അനുമതിയുമില്ല. ഇക്കാര്യം ആലോചിച്ച് തീരുമാനിക്കും. വൈദ്യുതി ലൈൻ വലിക്കാൻ തെൻറ അനുവാദമില്ലാതെ പറമ്പിൽനിന്ന് മരങ്ങൾ മുറിച്ച വൈദ്യുതി ബോർഡിനെതിരെ കേസ് കൊടുത്ത് നഷ്ടപരിഹാരം വാങ്ങിയ ചരിത്രവുമുണ്ട് സെബാസ്റ്റ്യന്. മേരിയാണ് ഭാര്യ. നാല് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.