ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ അർഹതയുള്ളവരെ ഒഴിവാക്കി അംഗൻവാടി ടീച്ചർമാരെയും വർക്കർമാരെയും സ്ഥിരപ്പെടുത്താൻ നീക്കമെന്ന് ആരോപണം. ഇതിനായി തയാറാക്കിയ ഇന്റർവ്യൂ ബോർഡ് വിവാദമായമായതോടെ സ്ഥിരനിയമനം തൽക്കാലത്തേക്കു നിർത്തി.
ടീച്ചർമാരുടെയും വർക്കർമാരുടെയും 19 ഒഴിവുകളാണുള്ളത്. ഇത്രയും സ്ഥാനത്തേക്ക് 274 അപേക്ഷകരാണുള്ളത്. അർഹതയുള്ളവരെ തെരഞ്ഞെടുക്കാൻ തയാറാക്കിയ ഇന്റർവ്യൂ ബോർഡും വിവാദമായി. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ബോർഡിൽ പഞ്ചായത്ത് സെക്രട്ടറി, ഒരു മുൻ വനിത പഞ്ചായത്ത് പ്രസിഡന്റ്, അഞ്ചു പൊതുപ്രവർത്തകർ, രണ്ട് ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 പേരാണു വേണ്ടത്. രാഷ്ട്രീയ പാർട്ടിക്കാരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പാർട്ടി പ്രവർത്തകരായ രണ്ടു മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെയും സഹകരണ ബാങ്കിലെ വനിത പ്രസിഡന്റിനെയും രണ്ടു കേരള കോൺഗ്രസുകാരെയും ഉൾപ്പെടുത്തി ബോർഡിന്റെ പാനൽ തയാറാക്കി.
ഇതിനിടെ സംസ്ഥാനത്തെ രണ്ടാമത്തെ ഭരണകക്ഷിയായ സി.പി.ഐ പ്രതിനിധിയെ ബോർഡിൽനിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകി. അതിനിടെ ബോർഡിൽ ഉണ്ടായിരുന്ന കോൺഗ്രസുകാരനായിരുന്ന ശശി കണ്യാലി സി.പി.എമ്മിൽ പോയതോടെ ശശിയെ ഒഴിവാക്കി ജോസഫ് ഗ്രൂപ്പിലെ അംഗത്തെ ഉൾപ്പെടുത്തി. അർഹതയുണ്ടായിട്ടും തന്റെ മകളുടെ അപേക്ഷ നിരസിച്ചതിൽ പ്രതിഷേധിച്ച് മഴുവടി പഞ്ചായത്ത് അംഗവും ഉമ്മൻ ചാണ്ടി കോളനിയിലെ ഊരുമൂപ്പനുമായ സുകുമാരൻ കലക്ടർക്കു പരാതി നൽകി. കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടതോടെ തൽക്കാലത്തേക്ക് ഇന്റർവ്യൂ നീട്ടിവെച്ചു. തീയതി പിന്നീട് അറിയിക്കും. അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണവും ദുഃഖാചരണവും മൂലമാണ് ഇന്റർവ്യൂ നീട്ടിവെച്ചതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.