ചെറുതോണി: ജില്ലയിൽ കോവിഡ് ബാധിതരായി മരിച്ചവരുടെ ആശ്രിതർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻ കിട്ടാനുള്ളവർ ഓഫിസുകൾ കയറിയിറങ്ങി നിരാശരായി മടങ്ങുന്ന സാഹചര്യമാണിപ്പോൾ.
ബി.പി.എൽ കുടുംബാംഗങ്ങളായ ആശ്രിതർക്ക് പ്രതിമാസം ലഭിച്ചിരുന്ന 5000 രൂപ വീതമുള്ള പെർഷനാണ് മുടങ്ങിയത്. ഇടുക്കിയിൽ 306 പേരാണ് പെൻഷന് അർഹരായിട്ടുള്ളവർ. സർക്കാറിന്റെ പെൻഷൻ പദ്ധതി ആശ്രിതർക്ക് വലിയ ആശ്വാസമായിരുന്നെങ്കിലും ഏതാനും മാസങ്ങൾ മാത്രമാണ് തുക ലഭിച്ചത്. 2022 ഒക്ടോബറിന് ശേഷം പെൻഷൻ ലഭിച്ചിട്ടില്ല.
ആശ്രിതരിൽ പലരും കോവിഡ് ബാധിതരായിരുന്നവരും വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമാണ്. ജോലിക്ക് പോകാൻ സാധിക്കാത്ത ആളുകളും നിരവധിയാണ്. മരുന്ന് വാങ്ങാൻപോലും പലർക്കും പണമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായാണ് പെൻഷൻ നല്‍കുന്നത്. ഇടുക്കിയിൽ മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണത്തിന് 15 ലക്ഷത്തോളം രൂപ വേണ്ടിവരും. പണം ലഭിക്കാതായതോടെ, ഗുണഭോക്താക്കൾ കലക്ടറേറ്റുമായി ബന്ധപ്പെട്ടെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമല്ല എന്ന വിവരമാണ് ലഭിച്ചതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.