ചെറുതോണി: എക്സൈസ് വകുപ്പിന്റെ അനാസ്ഥ മൂലം കോടികൾ വിലയുള്ള നൂറുകണക്കിനു വാഹനങ്ങള്‍ വെയിലും മഴയുമേറ്റ് നശിക്കുന്നു. ഇടുക്കിയിലെ എക്സൈസ് വകുപ്പിന്റെ പ്രധാന ഓഫിസ് തൊടുപുഴയിലാണെങ്കിലും ഇടുക്കി കുയിലുമലയിലാണ് സ്വന്തമായി സ്ഥലവും സൗകര്യവുമുള്ളത്. ഇവിടെയാണ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നത്.
ഓഫിസിനു സമീപം സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ടയർ ഉൾപ്പെടെ സ്പെയര്‍പാര്‍ട്സ് മോഷണം പോയിട്ടും ഒരന്വേഷണവുമില്ല.
കേസുകള്‍ കഴിഞ്ഞാല്‍ ഈ വാഹനങ്ങള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടി ലേലം ചെയ്ത് സര്‍ക്കാര്‍ കണക്കില്‍ വരുവുവെക്കേണ്ടതാണ്. സ്കൂട്ടര്‍ മുതല്‍ മുന്തിയ ഇനം കാറുകളും ടോറസ് ലോറികളും വരെ സ്റ്റോറില്‍ കിടന്നു നശിക്കുന്നു. ഈ വാഹനങ്ങള്‍ ലേലം ചെയ്തു നല്കിയാല് സര്‍ക്കാറിനു കോടികൾ ലഭിക്കും. കേസുകഴിഞ്ഞാലും നടപടിക്രമം പൂർത്തിയാക്കി വാഹനങ്ങൾ ലേലം ചെയ്യാൻ അധികൃതർ തയാറാകുന്നില്ല. നടപടിയെടുക്കേണ്ടത് ജില്ല ഓഫിസാണ്. ജില്ല ഓഫീസ് തൊടുപുഴയില്‍ നിന്ന് കുയിലുമലയിലേക്ക് മാറ്റാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരവായതാണ്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഓഫിസ് മാറ്റം നീട്ടി കൊണ്ടുപോവുകയാണ്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും ജില്ല കലക്ടറുടെ ഉത്തരവും കാറ്റിൽപറത്തി. ഓഫിസ് മാറ്റാൻ ഒരു വർഷം മുമ്പ് 10 ലക്ഷത്തിലധികം രൂപ മുടക്കി ഇ ഓഫീസ് തയ്യാറാക്കിയിരുന്നു. ഇവിടെ കെ. ഫോണ്‍ കണക്ഷനും എടുത്തിട്ടുണ്ട്.
ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പേപ്പര്‍ലെസ് ഓഫിസാണ് തയ്യാറാക്കിയിട്ടുള്ളത്. ഓഫിസ് മാറ്റുന്നതിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നാണ് കാരണമായി പറയുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ അബ്കാരി കേസുകളുള്ളത് രാജാക്കാട്, മൂന്നാര്‍, നെടുങ്കണ്ടം മേഖലകളിലാണ്. രാജാക്കാട് കേന്ദ്രമായി പുതിയ സബ് ഓഫീസ് അനുവദിച്ചെങ്കിലും പ്രാഥമിക നടപടി പോലും തുടങ്ങിയിട്ടില്ല.
ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പൈനാവിലേക്ക് ഓഫിസ് മാറ്റാന്‍ താല്പര്യമില്ലാത്തതും ഉദ്യോഗസ്ഥര്‍ തമ്മിലെ ശീതസമരവുമാണ് ഓഫിസ് മാറ്റം വൈകുന്നതെന്ന് പറയുന്നു. ജില്ലയുടെ മധ്യഭാഗത്ത് ജില്ല ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചാല്‍ എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കൂടുതല്‍ കേസുകളെടുക്കാനും കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.