ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. ഡാം തുറന്ന് കൊടുത്ത 12 മുതൽ വിഷുവരെ 1887 പേർ അണക്കെട്ട് സന്ദർശിച്ച് മടങ്ങി.
ഇതിൽ 1609 മുതിർന്നവരും 278 കുട്ടികളും ഉൾപ്പെടുന്നുവെന്ന് സംസ്ഥാന വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം റീജനൽ മാനേജർ ഹരീഷ് പറഞ്ഞു. ചെറുതോണി അണക്കെട്ടിന് മുകളിൽ അറ്റകുറ്റപ്പണി നടന്ന് വരുന്നതിനാൽ ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ നിന്നാണ് ടിക്കറ്റ് നൽകുന്നത്. ദിവസം 850 പേർക്ക് മാത്രമാണ് പ്രവേശനാനുമതി. മുതിർന്നവർക്ക് 150 രൂപയും പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൂറ് രൂപയുമാണ് പ്രവേശന ഫീസ്.
ഡാമുകൾക്ക് മുകളിലൂടെ കാൽ നടയാത്ര അനുവദിക്കില്ല. ഒരു സമയം പന്ത്രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ബഗ്ഗി കാർ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന് ചേർന്ന് പ്രവർത്തിക്കുന്ന ഹൈഡൽ ടൂറിസം കൗണ്ടറിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വേണം സന്ദർശകർ ടിക്കറ്റുകൾ ഉറപ്പ് വരുത്താൻ. ഓൺലൈൻ ബുക്കിങ് മാത്രമാണ് നിലവിലുള്ളത്.
ഡാം സന്ദർശിക്കാൻ അതിരാവിലെ മുതൽ സന്ദർശകരുടെ തിരക്കാണ്. സന്ദർശകരുടെ എണ്ണം നിയന്ത്രിച്ചിട്ടുള്ളതിനാൽ ഡാം കാണാനാകാതെ നിരാശരായി മടങ്ങുന്നവർ നിരവധിയാണ്. സുരക്ഷാകാരണങ്ങളാൽ ആറ് മാസമായി ഇവിടെ സന്ദർശനം അനുവദിച്ചിരുന്നില്ല. അണക്കെട്ടിൽ സന്ദർശനം അനുവദിച്ചതോടെ ജില്ല ആസ്ഥാന മേഖലയിലെ വ്യാപാര രംഗത്ത് ഉണർവുണ്ടായിട്ടുണ്ട്. മേയ് 31 വരെ സഞ്ചാരികൾക്ക് ഡാം സന്ദർശിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.