നെടുങ്കണ്ടം: കുട്ടികൾ സമാഹരിച്ച അയ്യായിരത്തിലധികം പ്ലാസ്റ്റിക്, ചില്ല് കുപ്പികൾകൊണ്ട് സ്കൂൾ മുറ്റത്ത് വീടും കിണറും നിർമിച്ചിരിക്കുകയാണ് സന്യാസിയോട പട്ടം മെമ്മോറിയൽ സ്കൂൾ. 2500 പ്ലാസ്റ്റിക് കുപ്പികൊണ്ട് മനോഹരമായ വീടും അത്രതന്നെ ചില്ല് കുപ്പികൾകൊണ്ട് വീടിന്റെ മുറ്റത്ത് കിണറുമാണ് നിർമിച്ചത്. പ്രീപ്രൈമറി നിർമാണയിടം പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവൃത്തി.കുട്ടികൾ ഒരു മാസമെടുത്താണ് നെടുങ്കണ്ടം ഹരിതകർമ സേനയിൽനിന്ന് 5000ലധികം കുപ്പികൾ സ്വരൂപിച്ചത്. അധ്യാപകരും രക്ഷിതാക്കളുംകൂടി കൈകോർത്തതോടെ സ്കൂൾ മുറ്റത്ത് കുപ്പിവീടും കിണറും ഒരുങ്ങുകയായിരുന്നു.
കരുണാപുരം സ്വദേശിയായ തെയ്യം കലാകാരൻ പുതപ്പാറയിൽ പി.കെ. സജിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം. പ്ലാസ്റ്റിക് വസ്തുക്കൾ, ടയർ തുടങ്ങി ഭൂമിക്ക് ഭാരമാകുന്നവ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് നിർമാണം നടത്തിയത്. പ്ലാസ്റ്റിക് കുപ്പികളിൽ സിമന്റ് നിറച്ച് അടിത്തറയും മണ്ണ് നിറച്ച് ഭിത്തിയും വെള്ളം നിറച്ച് ജനാലകളും നർമിച്ചു.
മഴയും വെയിലും ഏൽക്കാത്ത വളരെ ദൃഢമായ വീടാണ് ഒരുക്കിയിരിക്കുന്നത്. സ്കൂളിലെ പുരാവസ്തു മുറിയായാണ് വീട് ഉപയോഗിക്കുന്നത്. കുപ്പിവീടിന്റെ മുറ്റത്ത് ചില്ലു കുപ്പികൾകൊണ്ട് മനോഹരമായ കിണറും നിർമിച്ചിട്ടുണ്ട്. കുട്ടികളെ പ്ലാസ്റ്റിക് റീസൈക്കളിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. 10 ലക്ഷം രൂപ മുടക്കിയുള്ള വിവിധ പ്രോജക്ടുകളിൽ ഉൾപ്പെടുത്തിയായിരുന്നു വീട് നിർമാണം.പ്രകൃതി സംരക്ഷണത്തിന്റെ വേറിട്ട പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുകയാണ് ഈ ഉദ്യമത്തിന്റെ പിന്നിലുള്ളതെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.