തൊടുപുഴ: കഴിഞ്ഞ വർഷം സമ്പൂര്‍ണ ലോക്ഡൗണിനെത്തുടർന്നുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ചെറുകിട വ്യാപാരമേഖല തളിരിട്ട് തുടങ്ങിയിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തിെൻറ തീവ്രതയില്‍ വീണ്ടുമെത്തിയ ലോക്ഡൗൺ കച്ചവടക്കാരെ കരകാണാക്കടലിലാക്കുന്നു. ലോക്ഡൗൺ വീണ്ടും നീട്ടിയതോടെ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾ ഒഴികെയുള്ളവയെല്ലാം അടഞ്ഞുകിടക്കുകയാണ്. ജില്ലയെ സംബന്ധിച്ച് വ്യാപാരികൾ ഭൂരിഭാഗവും ചെറുകിടക്കാരാണ്.
ഓരോ നിമിഷവും വ്യാപാരികൾ കടത്തിൽ മുങ്ങുകയാണ്. പല കടകളിലും ഇരിക്കുന്ന സാധനങ്ങളും നശിക്കുന്നുണ്ട്. പലചരക്ക് കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും പലയിടത്തും കച്ചവടം നടക്കാത്ത സാഹചര്യമാണ്. പല വ്യാപാരികളും ഇപ്പോൾ വീട്ടുചെലവ് പോലും നടത്താൻ കഴിയാതെ വിഷമിക്കുകയാണ്. വിപണിയിൽ വമ്പന്മാരോട് പടവെട്ടിയാണ് ചെറുകിട വ്യാപാരികൾ ഈ മേഖലയിൽ പിടിച്ചുനിന്നിരുന്നത്. ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു.
ഓൺലൈൻ ഡെലിവറിയും ഹോം ഡെലിവറി സൗകര്യമുള്ള വ്യാപാരികൾ മാത്രമാണ് വിപണിയിൽ നിലനിൽക്കുന്നത്. ഫോൺ നമ്പറിൽ ഓർഡർ നൽകിയാൽ വീട്ടിലെത്തിക്കുന്ന സ്ഥാപനങ്ങൾ തൊടുപുഴ, അടിമാലി, കട്ടപ്പന പോലുള്ള പ്രധാന നഗരങ്ങളിലുണ്ട്. സർക്കാറിെൻറ ഭാഗത്തുനിന്ന് സംരക്ഷണം ഉണ്ടായാൽ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂവെന്നും കച്ചവടക്കാർ ആത്മഹത്യയുടെ വക്കിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പാേക്കജ് വേണം –വ്യാപാരികൾ
തൊടുപുഴ: വ്യാപാര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സംഘടനകൾ രംഗത്ത്.
കഴിഞ്ഞ ഒരുവർഷത്തിലേറെയായി വ്യാപാരികൾ ദുരിതത്തിലാണ്. ജി.എസ്.ടി, നോട്ട് നിരോധനം, പ്രളയം, കോവിഡ് എന്നിങ്ങനെ ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും അതിെൻറയെല്ലാം ദുരവസ്ഥ കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് വ്യാപാര-വ്യവസായ മേഖലയിലുള്ളവരാണ്.
എന്നാൽ, ഈ മേഖലയിലുള്ളവരോട് നിഷേധാത്മക നിലപാടാണ് സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിനാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡൻറ് ബേബി ജോർജും വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂനിറ്റ് പ്രസിഡൻറ് രാജു തരണിയിലും പ്രസ്താവനയിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റെജി വർഗീസ്, മുൻ പ്രസിഡൻറ് ജയകൃഷ്ണൻ, സുനിൽ വഴുതലക്കാട്, അനൂപ് ധന്വന്തരി, ആർ. ജയശങ്കർ, ജോസഫ് ടി. സിറിയക്, സജി പോൾ എന്നിവർ സംസാരിച്ചു.
വ്യാപാരികൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ
•വൈദ്യുതി ചാർജിൽ ഇളവ് നൽകുക, ഫിക്സഡ് ചാർജുകൾ ഒരുവർഷത്തേങ്കിലും ഒഴിവാക്കുക
•വ്യവസായികളുടെ പലിശ കൃഷിക്കാരുടേതിന് തുല്യമായി പരിഗണിക്കുക
•സർക്കാർ ബിൽഡിങ്ങിലുള്ള വാടകക്കാരുടെ ഒരുവർഷത്തെ വാടക ഒഴിവാക്കുക
•ലൈസൻസ് ഫീസ് ഒരു വർഷത്തേയ്ക്ക് ഒഴിവാക്കുക. പിഴ അടച്ചിട്ടുള്ള തുക അടുത്ത വർഷത്തേക്ക് അഡ്ജസ്റ്റ് ചെയ്യുക
•വാക്സിൻ വിതരണത്തിൽ വ്യാപാരമേഖലയിലുള്ളവർക്ക് മുൻഗണന നൽകുക
•ദുരിതമനുഭവിക്കുന്ന വ്യാപാരി-വ്യവസായികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.