കോവിഡ് വ്യാപനവും ലോക്ഡൗണും ചേർന്ന് ജില്ലയുടെ വിനോദസഞ്ചാര മേഖലയെ നിശ്ചലമാക്കിയപ്പോൾ വ്യാപാരികളും റിസോർട്ടുകളും ദുരിതക്കയത്തിലായി. വിനോദസഞ്ചാര കേന്ദ്രങ്ങളെയും അവിടെയെത്തുന്ന സഞ്ചാരികളെയും ആശ്രയിച്ച് കച്ചവടം മുന്നോട്ടുകൊണ്ടുപോകുന്ന നൂറുകണക്കിന് വ്യാപാരികൾ ജില്ലയിലുണ്ട്. കടകൾ തുറക്കാൻ അവസരം ലഭിച്ചപ്പോൾപ്പോലും വിനോദസഞ്ചാര കേന്ദ്രങ്ങൾ വിജനമായതിനാൽ ഇവർക്ക് വരുമാനമില്ലാതായി. ടൂറിസം മേഖലയിലെ തളർച്ചയിൽ നടുവൊടിഞ്ഞ വ്യാപാരമേഖലയെക്കുറിച്ച് അന്വേഷണം ഇന്ന് മുതൽ...
തളരുന്ന ടൂറിസം, തകരുന്ന വ്യാപാരം - 1
അടിമാലി: വൈറസിനെ ഭയന്ന് വീട്ടില്‍ അടച്ചിരിക്കാന്‍ ജനം നിര്ബന്ധിതരായപ്പോള് മറ്റു പല മേഖലകളെയും പോലെ ടൂറിസത്തിെൻറയും നടുവൊടിഞ്ഞു. പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നായ വിനോദസഞ്ചാര മേഖല ഒന്നര വര്‍ഷമായി നിര്‍ജീവമാണ്. വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും പാര്‍ക്കുകളും അനക്കമറ്റപ്പോള് ഒട്ടേറെ കുടുംബങ്ങളില്‍ കണ്ണീരൊഴുകി. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സുഗന്ധവ്യഞ്ജന വ്യാപാരശാലകളും നടത്തുന്നവ ചെറുകിട കച്ചവടക്കാരുമൊക്കെ നേരിടുന്നത് വന്‍ പ്രതിസന്ധിയാണ്. ഇനി എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യം എല്ലാവർക്കും മുന്നിലുമുണ്ട്.
മൂന്നാര്‍ മേഖലയില്‍ ചെറുതും വലുതുമായി അഞ്ഞൂറോളം റിസോര്‍ട്ടുകളുണ്ട്. ഒരോ റിസോര്‍ട്ടിലും 80ന് മുകളില്‍ ജീവനക്കാരും. ഹോം സ്റ്റേകളിലും ഹോട്ടലുകളിലും സുഗന്ധവ്യഞ്ജന വ്യാപാര സ്ഥാപനങ്ങളിലുമായി 25,000ന് മുകളില്‍ ജീവനക്കാര്‍ അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നു. ടാക്സി ജീവനക്കാരുടെയും ഇതര വ്യാപാരികളുടെയും ഉപജീവനമാർഗവും ടൂറിസമാണ്. മൂന്നാറിെൻറ പ്രവേശന കവാടമായ നേര്യമംഗലത്തെയും ഇടത്താവളമായ അടിമാലിയിലെയും മുഖ്യ വ്യാപാരം വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടാണ്. 2020 നവംബറില്‍ നിയന്ത്രണങ്ങളോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും സ്വദേശികളും ഉത്തരേന്ത്യയില്‍ നിന്നും തമിഴ്നാട്ടിൽ നിന്നും കുറച്ചുപേരും എത്തിയതൊഴിച്ചാല്‍ സ്ഥിതി മോശമായിരുന്നു. രണ്ടാം ലോക്ഡൗണ്‍ കൂടിയായപ്പോള്‍ കാര്യങ്ങൾ കൈവിട്ടുപോയി. വായ്പയെടുത്ത് കച്ചവടവും റിസോര്‍ട്ടുകളും തുടങ്ങിയവര്‍ തിരിച്ചടവിന് മാർഗമില്ലാതെ വലയുകയാണ്.
ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ ആ മേഖലയുമായി നേരിട്ടു ബന്ധപ്പെട്ട് നില്‍ക്കുന്നവരെ മാത്രം ബാധിക്കുന്ന ഒന്നല്ല. മീന്‍ കച്ചവടക്കാര്‍, പച്ചക്കറി-പലവ്യഞ്ജന വ്യാപാരികൾ, വഴിയോര- ചെറുകിട കച്ചവടക്കാര്‍ എന്നിങ്ങനെ അനുബന്ധമായി ഉപജീവനം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഈ മേഖലയെ പാടെ അവഗണിച്ചതായാണ് ഇവരുടെ പരാതി. ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദവും വ്യവസായികളെയും നിക്ഷേപകരെയും വട്ടംകറക്കുന്നു. വരുമാനമെല്ലാം നിലച്ച തങ്ങളിനി എന്തുചെയ്യുമെന്നാണ് ഇവരുടെ ചോദ്യം.
'സാറേ ഞാനിപ്പം കൂട്ടുകാരെൻറ കൂടെ പെയിൻറ് പണിക്ക് പോകുവാ...അതുകൊണ്ട് ൈകയില്‍ പത്തു പൈസ കിട്ടുന്നുണ്ട്. ഇതുകളഞ്ഞ് അങ്ങോട്ടുവന്നാല്‍ ഇതുമില്ല അതുമില്ല എന്ന അവസ്ഥ വരുവോ?' അടിമാലിയിലെ സുഗന്ധവ്യഞ്ജന വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരെൻറ ചോദ്യമാണിത്.
ഇത് ഒരു തൊഴിലാളിയുടെയും തൊഴിലുടമയുടെയും മാത്രം കഥയല്ല. ലോക്ഡൗണില്‍ സുഗന്ധവ്യഞ്ജന വ്യാപാര ശാലകൾക്ക് പൂട്ടുവീണതോടെ മറ്റു തൊഴിലുകള്‍ തേടിപ്പോയ ജീവനക്കാര്‍ ഒട്ടേറെയാണ്.
ഗത്യന്തരമില്ലാതെ കൂലിപ്പണിക്കും പെയിൻറിങ്ങിനും വാര്ക്കപ്പണിക്കുമെല്ലാം ഇറങ്ങേണ്ടിവന്ന സ്ഥാപന ഉടമകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.