കുടയത്തൂർ: സി.പി.എമ്മും ബി.ജെ.പിയും വിട്ടുനിന്നതോടെ കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. 13 അംഗ പഞ്ചായത്തിൽ കോൺഗ്രസ് നാല്, ലീഗ് ഒന്ന്, കേരള കോൺഗ്രസ് ഒന്ന് (നിലവിൽ ഇടതുപക്ഷത്തേക്ക് പോയ പ്രസിഡന്‍റ് ഉഷ വിജയൻ), സി.പി.എം നാല്, സി.പി.ഐ ഒന്ന്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ കോൺഗ്രസിലെ നാലും മുസ്ലിം ലീഗിലെ ഒന്നും ബി.ജെ.പിയിലെ രണ്ടും അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു. പകുതിയിൽ കൂടുതൽ അംഗങ്ങൾ ഹാജരായതോടെ ക്വോറം തികഞ്ഞു. എന്നാൽ, ബി.ജെ.പിയിലെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു. ഇതോടെ പ്രസിഡന്‍റിന് എതിരെയുള്ള അവിശ്വാസം പരാജയപ്പെട്ടു. എൽ.ഡി.എഫിലെ അഞ്ച് അംഗങ്ങളും യു.ഡി.എഫിൽനിന്ന് കൂറുമാറി ഇടതുപക്ഷത്ത് എത്തിയ കേരള കോൺഗ്രസ് ജോസഫ് അംഗമായ പ്രസിഡന്‍റ് ഉഷ വിജയനും ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല.
പ്രസിഡന്‍റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ നൽകിയ നോട്ടീസിലുള്ള അവിശ്വാസ വോട്ടെടുപ്പ് രാവിലെ 11ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നടന്നത്.
ജനുവരി 31 നാണ് ഉഷ വിജയൻ എൽ.ഡി.എഫിൽ ചേക്കേറിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് ജയിച്ച ഉഷ വിജയന് യു.ഡി.എഫ് ധാരണപ്രകാരം ആദ്യ ഒരുവർഷമാണ് പ്രസിഡന്‍റ്പദം നിശ്ചയിച്ചിരുന്നത്. ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ഉഷ വിജയൻ രാജിവെക്കാൻ തയാറായില്ല. യു.ഡി.എഫ് ഒരു മാസംകൂടി നീട്ടിനൽകി. ഒരുമാസം പൂർത്തിയായ ജനുവരി 31ന് എൽ.ഡി.എഫിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.