നെടുങ്കണ്ടം: സംസ്ഥാന അതിര്‍ത്തി പട്ടണമായ കമ്പംമെട്ടില്‍ ശബരിമല തീർഥാടകര്‍ക്ക് ഇടത്താവളത്തിൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ബജറ്റില്‍ നാല് കോടി രൂപ അനുവദിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും വികസനം യാഥാർഥ്യമായില്ല.
അന്തർ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന ഭക്തരുടെ പ്രധാന ഇടത്താവളമാണിവിടം. എന്നാല്‍ ഓരോ മണ്ഡലകാലവും തീർഥാടകരെ എതിരേല്ക്കുന്നത് അസൗകര്യങ്ങള്‍ മാത്രം. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാൻ പോലും വേണ്ടത്ര സൗകര്യം ഇവിടില്ല. പാര്‍ക്കിങ് സൗകര്യം, വിശ്രമ കേന്ദ്രം, വഴിവിളക്കുകള്‍, ശുചിമുറികള്‍ എന്നിവക്കായി എല്ലാ വര്‍ഷവും മുറവിളി ഉയരും. ടൗണിലെ മാലിന്യം അനുദിനം നീക്കാന്‍ നടപടി വേണമെന്ന ആവശ്യവും അധികൃതര്‍ ചെവിക്കൊണ്ടില്ല.
അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ റോഡിനോട് ചേര്‍ന്നാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതുമൂലം പല സ്ഥാപനങ്ങളിലേക്കും ആളുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതും ഇതര വാഹനങ്ങള്‍ക്ക് റോഡിലൂടെ സുഗമമായി കടന്നുപോകാന്‍ കഴിയാതെ വരുന്നതും പതിവാണ്. ഇടത്താവളം നിർമിക്കാൻ 2019-ലെ ബജറ്റിൽ നാല് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം തുടർനടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് 2022 ജനുവരിയിലാണ് ഇടത്താവളം നിർമിക്കാനുള്ള പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തത്. സ്ഥലം ഏറ്റെടുക്കാൻ കരുണാപുരം പഞ്ചായത്തിന് ആദ്യഘട്ട തുകയും അനുവദിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കമ്പംമെട്ട് കമ്യൂണിറ്റി ഹാളിന് സമീപം 20 സെന്റ് സ്ഥലം സ്വകാര്യ എസ്റ്റേറ്റ് സൗജന്യമായി വിട്ടുനൽകിയത്. ആദ്യഗഡുവായി ലഭിച്ച തുക ഉപയോഗിച്ച് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. എന്നാൽ പിന്നീട് നിർമാണ പ്രവൃത്തികൾക്ക് ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
സ്ഥിരം ഇടത്താവളം നിർമിക്കാൻ ഏറ്റെടുത്ത സ്ഥലത്ത് താൽക്കാലിക വിശ്രമകേന്ദ്രവും ശൗചാലയങ്ങളുമാണ് നിലവിൽ പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. ഇവിടെ സ്ഥിരമായി വെള്ളത്തിനും വെളിച്ചത്തിനും സംവിധാനം കൂടി ഒരുക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.