ഇടുക്കി: ജില്ലയിൽ വിദഗ്ധ ചികിത്സക്ക് ഇ.എസ്.െഎ ആശുപത്രികളുടെ അഭാവം തൊഴിലാളികൾക്ക് ദുരിതമാകുന്നു.ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെട്ട പീരുമേട്, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലെ തൊഴിലാളികൾ വിദഗ്ധ ചികിത്സക്ക് ഇതര ജില്ലകളെയാണ് ആശ്രയിക്കുന്നത്. ജില്ലയിലെ മൂന്ന് ഇ.എസ്.െഎ ഡിസ്പെൻസറിയിൽ (തൊടുപുഴ, അടിമാലി, കട്ടപ്പന) ഗുരുതര രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സസൗകര്യമില്ല.ഈ സാഹചര്യത്തിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന എം പാനൽ ആശുപത്രികളാണ് ആശ്രയം.
പീരുമേട് താലൂക്കിലെ രോഗികൾ ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാൻ കോട്ടയത്തും ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലുള്ളവർ എറണാകുളത്തും എത്തണം. അതല്ലെങ്കിൽ വലിയ തുക മുടക്കി മറ്റു ആശുപത്രികളിൽ ചികിത്സ തേടേണ്ട അവസ്ഥയാണ്. ജില്ലയിൽ 2018 വരെ തൊടുപുഴയിൽ മാത്രമാണ് ഇ.എസ്.ഐ ഡിസ്പെൻസറി ഉണ്ടായിരുന്നത്. മാധ്യമങ്ങളുടെ ഇടപെടലിനെത്തുടർന്നാണ് കട്ടപ്പനയിലും അടിമാലിയിലും പിന്നീട് ഡിസ്പെൻസറി അനുവദിച്ചത്. മൂന്നാറിലും കുമളിയിലും ഡിസ്പെൻസറി തുടങ്ങണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അനുവദിച്ച ഇ.എസ്.ഐ സ്പെഷാലിറ്റി ആശുപത്രി കട്ടപ്പനയിൽ സ്ഥാപിക്കാൻ തൃശൂർ റീജനൽ ഓഫിസിൽനിന്ന് ഡൽഹി ഇ.എസ്.ഐ കോർപറേഷനിലേക്ക് ശിപാർശ അയച്ചിട്ട് വർഷം ഒന്നായി. ആറ് സ്പെഷാലിറ്റി ഡോക്ടർമാരും 30 കിടക്കകളുമുള്ള ആശുപത്രി കട്ടപ്പനയിൽ വേണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇതുവരെ ഇ.എസ്.ഐ കോർപറേഷൻ നടപടിയെടുത്തിട്ടില്ല. ഈ ആശുപത്രി യാഥാർഥ്യമായാൽ ഹൈറേഞ്ചിലെ ചികിത്സപ്രശ്നങ്ങൾക്ക് കുെറയൊക്കെ പരിഹാരമായേനെ.
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുകയും ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന ആശുപത്രികളാണ് എം പാനൽ വിഭാഗത്തിൽപെടുന്നത്. ഇ.എസ്.ഐ പരിധിയിലെ കുടുംബങ്ങൾക്ക് ഇവിടങ്ങളിൽ സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.