ഇടുക്കി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ സൗകര്യമൊരുക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ഡി.ടി.പി.സിക്ക് കീഴിലുള്ള കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നത്. ഇലക്ട്രിക് കാറുകളുടെ ദീർഘദൂര യാത്രകൾക്ക് ഡി.സി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ അനിവാര്യത ഉൾക്കൊണ്ടാണ് ഡി.ടി.പി.സിയുടെ ഇടപെടൽ. ഇതിനായി സ്വകാര്യ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചിരുന്നു. നിലവിൽ അപേക്ഷകൾ അവലോകന കമ്മിറ്റിക്ക് കീഴിലാണ്. പദ്ധതി നിർവഹണത്തിനായി അനർട്ടുമായുള്ള ചർച്ചകളും നടക്കുന്നു. ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. ഡിസംബറിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇടുക്കി അരുവിക്കുഴി ടൂറിസം സെന്റർ, മൂന്നാർ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, വാഗമൺ സാഹസിക ഉദ്യാനം, വാഗമൺ മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കൽമേട് ടൂറിസം സെന്റർ, ഏലപ്പാറ അമിനിറ്റി സെന്റർ, ചെറുതോണി ഡി.ടി.പി.സി-മഹാറാണി ഹോട്ടൽ, കുമളി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുക.
പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഇന്ധന വിലവർധന മൂലമുള്ള ബുദ്ധിമുട്ട് കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കു പിന്നിൽ. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റ് ജില്ലകളിൽനിന്നുമുള്ള സഞ്ചാരികൾക്ക് സഹായകമാണ് പദ്ധതി. വരുംനാളുകളിൽ കൂടുതൽ ഇടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ആലോചനയിലുണ്ടെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.