ഭക്ഷ്യസുരക്ഷ പരിശോധന: അഞ്ചു ദിവസത്തിനിടെ പൂട്ടുവീണത് 14 ഭക്ഷണശാലകൾക്ക്

തൊടുപുഴ: ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ജീവനക്കാരുടെ കുറവും സ്വന്തമായി വാഹനമില്ലാത്തതും ജില്ലയിൽ ഭക്ഷ്യസുരക്ഷ പരിശോധനക്ക് വെല്ലുവിളിയാകുന്നു. ജില്ലയിൽ വിവിധ സർക്കിളുകളിലായി അഞ്ച് ഫുഡ് സേഫ്റ്റി ഓഫിസർമാരാണ് വേണ്ടത്. നിലവിൽ മൂന്നുപേർ മാത്രമാണുള്ളത്. ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് ഈ മൂന്നുപേരെ ഉപയോഗിച്ച് കൃത്യമായ പരിശോധന അസാധ്യമാണ്.

ദൈനം ദിന പരിശോധനകളും സ്ക്വാഡുകളും ഒക്കെയാകുമ്പോൾ ജീവനക്കാർക്ക് അമിതഭാരം എടുക്കേണ്ട സാഹചര്യമാണ്. ഇത് ഓഫിസ് പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. ഒരു ഫുഡ് സേഫ്റ്റി ഓഫിസറുടെ പോസ്റ്റ് അഡ്വൈസ് ചെയ്തിട്ടുണ്ടെങ്കിലും ജോയിൻ ചെയ്തിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇതുകൂടാതെ സാമ്പിൾ പരിശോധിക്കുന്നതിലെ കാലതാമസവും ജില്ല നേരിടുന്ന വെല്ലുവിളിയാണ്. കാക്കനാട്ടെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് അയക്കുന്ന സാമ്പിളുകളുടെ പരിശോധനഫലം പലപ്പോഴും വൈകുന്നതും പ്രവർത്തനത്തെ ബാധിക്കുന്നു.

ഭക്ഷ്യസുരക്ഷ വകുപ്പിന് സ്വന്തം വാഹനങ്ങളില്ലാത്തതും ദുരിതം വിതക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ ജില്ല ഓഫിസിനും അഞ്ച് സർക്കിൾ ഓഫിസുകൾക്കുമായി ആകെ രണ്ട് വാഹനമാണ് കരാർ അടിസ്ഥാനത്തിൽ ഓടുന്നത്. ഇതുകൂടാതെ അടുത്തിടെ അനുവദിച്ച ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ സഞ്ചരിക്കുന്ന മൊബൈൽ യൂനിറ്റ് ജില്ലയിലുണ്ട്. ഭൂവിസ്തൃതി ഏറെയുള്ള ജില്ലയിൽ വാഹനങ്ങളുടെ കുറവ് പരിശോധനയെ കാര്യമായി ബാധിക്കുന്നുണ്ട്.

ജില്ലയിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 14 ഭക്ഷണ വിൽപനശാലകൾക്കാണ് പൂട്ട് വീണത്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ സംഭവിച്ച സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും തുടരുന്നത്. പല ഹോട്ടലുകളുടെയും അടുക്കളകളുടെ നിലവാരം വളരെ മോശമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പാചകം ചെയ്ത പഴകിയ ഭക്ഷണവും എണ്ണയും ആഴ്ചകൾ പഴക്കമുള്ള കോഴിയിറച്ചിയടക്കം പരിശോധനയിൽ പിടിച്ചെടുത്തു. 18ഓളം കടകൾക്ക് നോട്ടീസ് നൽകാനും നിർദേശം നൽകി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണ സ്ഥാപനങ്ങൾവരെ പരിശോധനയിൽ അധികൃതർ കണ്ടെത്തിയിരുന്നു.ഏതെങ്കിലും സംഭവങ്ങൾ ശ്രദ്ധയിൽപെടുമ്പോൾ മാത്രം പരിശോധനയുമായി അധികൃതർ രംഗത്തിറങ്ങുന്നതിനെതിരെയും ഇതിനകം ആക്ഷേപമുയർന്നിട്ടുണ്ട്.

പഴകിയ ഭക്ഷണം, ഇവയിൽ കലരുന്ന രാസവസ്തുക്കൾ, മലിനജലം എന്നിവയിലൂടെയൊക്കെ ഭക്ഷ്യവിഷബാധയുണ്ടാകാം. ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴുമുണ്ടാകുന്ന അശ്രദ്ധ അണുബാധക്ക് കാരണമാകും. ഭക്ഷണം കഴിച്ചശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലോ ഒരു ദിവസത്തിന്റെ ഇടവേളയിലോ ലക്ഷണം പ്രകടമാകും. ഇതു ഗുരുതരമായാൽ തലച്ചോറിനെയും നാഡീവ്യൂഹത്തെയും വരെ ബാധിക്കും. എല്ലാ ദിവസവും ഭക്ഷണവിൽപന കേന്ദ്രങ്ങളിലടക്കം പരിശോധന കൃത്യമായും കാര്യക്ഷമമായും നടത്തണമെന്നാണ് ആവശ്യമുയരുന്നത്.

Tags:    
News Summary - Food safety inspection: 14 hotels were closed in five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.