ഇടുക്കി: സർക്കാർ ആശുപത്രികൾ പൊതുവെ ദയനീയാവസ്ഥയിലുള്ള ജില്ലയിൽ അധികൃതരുടെ പ്രഖ്യാപനം കേട്ടുമടുക്കുന്നതല്ലാതെ ഒന്നിനും തീർപ്പില്ല. ജനം പ്രതീക്ഷയോടെ കേട്ട ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളുടെ സ്ഥിതിയും മറിച്ചല്ല.
ഇടുക്കി മെഡിക്കൽ കോളജിനു മാത്രമായി കാർഡിയാക് വിഭാഗത്തിൽ ഉൾപ്പെടെ 51 ഡോക്ടർമാരുടെ തസ്തിക അനുവദിച്ചെന്ന മന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനം പാഴായതിൽ മുഖ്യം. അഞ്ചുമാസം മുമ്പ് ആരോഗ്യവകുപ്പിന്റേതായി വന്ന പ്രഖ്യാപനം സെപ്റ്റംബർ 23ന് മെഡിക്കൽ കോളജിലെത്തിയപ്പോൾ മന്ത്രി ആവർത്തിക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽ കാത്ത് ലാബ് തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ ഗതിയും മറ്റൊന്നല്ല. മെഡിക്കൽ കോളജിനു കിട്ടിയ 50 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്താൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. മെഡിക്കൽ കോളജ് നിർമാണവും വികസന കാര്യങ്ങളും വിലയിരുത്താൻ തുടർച്ചയായി അവലോകന യോഗങ്ങൾ ചേരുന്നതിന് തീരുമാനമെടുത്തതും കടലാസിൽ മാത്രം. കൊട്ടിഗ്ഘോഷിച്ചു ഒരു വർഷം മുമ്പ് തുടങ്ങിയ ഇടുക്കി നഴ്സിങ് കോളജിൽ അടിസ്ഥാന സൗകര്യം പേരിനുപോലും ഇല്ലാതെ രണ്ടു ബാച്ചിലെ 120 കുട്ടികൾ ദുരിതത്തിൽ തുടരുന്നു.
തൊടുപുഴ ജില്ല ആശുപത്രിയിലെ ഒ.പിയിൽ നിന്നുതിരിയാൻ ഇടമില്ല. ഇരിക്കാൻ കസേരയില്ലെന്നു മാത്രമല്ല, നേരെ നിൽക്കാൻപോലും സ്ഥലമില്ലാത്തതിനാൽ തൊടുപുഴ ജില്ല ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ എത്തുന്ന രോഗികൾ ദുരിതത്തിലാണ്. പ്രതിദിനം എണ്ണൂറിലേറെ രോഗികളാണ് ഒ.പിയിൽ ചികിത്സക്കെത്തുന്നത്. ഓരോ ഡോക്ടർമാരുടെ കവാടത്തിനു മുന്നിലും നാലോ അഞ്ചോ കസേരകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. 50 പേരിൽ അധികമായാൽ തിങ്ങിഞെരുങ്ങി വേണം നിൽക്കാൻ. ജില്ലയിലെ ഹൈറേഞ്ച് മേഖലകളിൽ നിന്നുൾപ്പെടെയാണ് ജില്ല ആശുപത്രിയിൽ ചികിത്സ തേടുന്നത്.
ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ കുമളിയിൽ ആരോഗ്യവകുപ്പ് സുരക്ഷാ മുൻകരുതലൊന്നും സ്വീകരിച്ചിട്ടില്ല. മുൻ വർഷങ്ങളിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്ത് ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമായിരുന്നു. ജീവിതശൈലീരോഗങ്ങൾ, പനി, തലവേദന തുടങ്ങിയവയുമായി ഒട്ടേറെയാളുകൾ ഇത്തരം ക്യാമ്പുകളിൽ എത്താറുണ്ടായിരുന്നു. കുമളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഡോക്ടർമാരുടെ സേവനം മാത്രമാണ് ഇപ്പോഴുള്ളത്.
സ്പെഷലിസ്റ്റ് ഡോക്ടർമാരില്ലാതെയാണ് പീരുമേട് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം. പീരുമേട് താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന സർജൻ, ഓഫ്താൽമോളജിസ്റ്റ് എന്നിവർ സ്ഥലം മാറിപ്പോയ ശേഷം പകരം നിയമനം ഉണ്ടായിട്ടില്ല. ഇപ്പോൾ ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ഇവിടെ സർജന്റെ സേവനം. കാർഡിയോളജിസ്റ്റിനെ നിയമിക്കുമെന്ന് പ്രഖ്യാപനം മാത്രം. പീരുമേട്ടിൽനിന്ന് 50 കിലോമീറ്റർ യാത്ര ചെയ്ത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിയാലാണ് കാർഡിയോളജിസ്റ്റിന്റെ സേവനം ഇപ്പോൾ ലഭിക്കുന്നത്.
അടിമാലി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ബ്ലഡ് ബാങ്ക് നവംബറിൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതു നടപ്പായില്ലെന്ന് മാത്രമല്ല, നടപടി ഇപ്പോഴും ഫയലിൽ തന്നെയുമാണ്. സെപ്റ്റംബർ 23ന് എത്തിയപ്പോഴാണ് ഒക്ടോബറിൽ അല്ലെങ്കിൽ നവംബറിനു മുമ്പ് ബ്ലഡ് ബാങ്ക് പ്രവർത്തന സജ്ജമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, ഡിസംബർ പത്തായിട്ടും ബ്ലഡ് ബാങ്ക് പ്രവർത്തന സജ്ജമാക്കുന്നതിനുവേണ്ട പതോളജിസ്റ്റ്, ജീവനക്കാർ എന്നിവരെ നിയമിക്കാനായിട്ടില്ല.
കെട്ടിടത്തിന് താൽക്കാലിക ഫയർ ആൻഡ് സേഫ്റ്റി അനുമതി ലഭ്യമാക്കിയാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്തത്. ആവശ്യത്തിന് കിടക്കകളും അനുബന്ധ സാമഗ്രികളും ജീവനക്കാരുമില്ലാത്തതിനാൽ നാല് യൂനിറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. 10 പേർക്ക് മാത്രമാണ് ഡയാലിസിസ് നടക്കുന്നത്. 69 രോഗികൾ രജിസ്റ്റർ ചെയ്തിരിക്കെയാണിത്. 10 കിടക്കയുള്ള സാമഗ്രികളാണ് ഏഴ് വർഷം മുമ്പ് അടിമാലിക്ക് അനുവദിച്ചത്. ഇതിൽ അഞ്ചെണ്ണം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിനു പകരമായി അഞ്ചെണ്ണം കൂടി താലൂക്ക് ആശുപത്രിക്ക് അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചതും പാഴ്വാക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.