ഇടുക്കി: ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ വിലയിരുത്തി. എറണാകുളത്ത് നടന്ന മേഖലതല അവലോകന യോഗമാണ് സൂചികകൾ അടിസ്ഥാനപ്പെടുത്തി ലക്ഷ്യങ്ങൾ നിശ്ചയിച്ചത്. ഈ വര്‍ഷം നവംബറോടെ ജില്ലയിൽ അതിദാരിദ്ര്യ നിർമാര്‍ജനം വിജയകരമായി പൂര്‍ത്തിയാക്കാനാകും. ആകെ 2665 കുടുംബങ്ങളെയാണ് ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയത്. അവകാശം അതിവേഗം പദ്ധതിയിലൂടെ ജില്ലയിൽ 280 ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ആവശ്യമുള്ളവരെ കണ്ടെത്തുകയും 200 പേര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാര്‍ഡ് ഇല്ലാത്ത 124ൽ 117 പേര്‍ക്ക് നൽകി. 126 ആധാര്‍ കാര്‍ഡ് ഇല്ലാത്തവരെ കണ്ടെത്തി 117 പേര്‍ക്ക് ലഭ്യമാക്കി. റേഷൻ കാര്‍ഡ് ഇല്ലാത്ത 104 പേരെ കണ്ടെത്തി 98 പേര്‍ക്ക് വിതരണം ചെയ്തു. സാമൂഹിക സുരക്ഷ പെന്ഷന് ആവശ്യമുള്ള 33 പേരെ കണ്ടെത്തി 30 പേര്‍ക്ക് വിതരണം ചെയ്തു. തൊഴിലുറപ്പ് ജോബ് കാര്‍ഡ് വിതരണത്തിൽ 38 പേര്‍ക്ക് ഇല്ലെന്ന് കാണുകയും 34 പേര്‍ക്ക് വിതരണം ചെയ്തു. കൂടുതല്‍ തുടർ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുകയാണ്.
പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വിദ്യാകിരണം പദ്ധതി പ്രകാരം ജില്ലയില്‍ അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രഖ്യാപിച്ച അഞ്ച് കെട്ടിടങ്ങളിൽ നാലെണ്ണം പൂര്‍ത്തിയായി. ഒരു സ്കൂളിന്റെ നിർമാണം 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള 12 കെട്ടിടങ്ങളില്‍ രണ്ടെണ്ണം പൂര്‍ത്തിയായി. എട്ടെണ്ണത്തിന്റെ നിർമാണം നടക്കുകയാണ്. നിർമാണം പൂർത്തിയാകാനുള്ളവ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.
ലൈഫ് മിഷന് പദ്ധതിയില്‍ 2022-23ൽ പട്ടികയിലുള്ള 9165ൽ 2027 വീട് പൂർത്തീകരിച്ചു. 7936 വീടുകളിൽ 2267 എണ്ണം കരാറിൽ ഏർപ്പിട്ടുണ്ട്. ഇതില്‍ 959 വീട് പൂർത്തീകരിച്ചു. 1308 എണ്ണം നിർമാണ പുരോഗതിയിലാണ്.
ആര്‍ദ്രം മിഷനിൽ ഉൾപ്പെടെ 26 സ്ഥാപനങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്ന ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും ഒ.പി പരിവർത്തനത്തിന് തെരഞ്ഞെടുത്ത നാല് മേജര്‍ ആശുപത്രികളുടെയും നിർമാണം പുരോഗമിക്കുന്നു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 2,41,121 കണക്ഷന് ഭരണാനുമതി ലഭിച്ചു. 95,492 വാട്ടർ കണക്ഷൻ നിലവിലുണ്ട്. 1,84,142 വാട്ടർ കണക്ഷൻ ഉടൻ നല്‍കും. എല്ലാ വീട്ടിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യം എത്രയും വേഗം നേടാനാണ് ശ്രമം.
മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ജില്ലയില്‍ 58 എം.സി.എഫുകളും 660 മിനി എം.സി.എഫുകളും പ്രവർത്തിക്കുന്നുണ്ട്. പശ്ചിമഘട്ട നീർച്ചാലുകളുടെ മാപ്പിങ്ങിൽ ജില്ലയിലെ മാപ്പിങ് നടപ്പാക്കേണ്ട 49 ഗ്രാമപഞ്ചായത്തുകളിൽ 22ലും പൂർത്തിയായി. 16.009 ഏക്കറിൽ 54 പച്ചത്തുരുത്തുകളുണ്ട്.
എൻ.എച്ച് 85 ന്റെ വീതി കൂട്ടലിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. 150.66 കിലോമീറ്ററാണ് ആകെ നീളം. 1208.3 കോടി രൂപയുടെ പദ്ധതിയാണിത്. 2025 ജൂണിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.
മലയോര ഹൈവേ മുണ്ടക്കയത്തുനിന്ന് ആരംഭിച്ച് ആറാം മൈലില്‍ അവസാനിക്കും. അഞ്ച് റീച്ചുകളായാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ചപ്പാത്ത് മുതൽ കുട്ടിക്കാനം വരെയുള്ള 19 കിലോമീറ്റർ പദ്ധതി പൂര്‍ത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.