തൊടുപുഴ: ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ വർധന. മൂന്നാഴ്ചക്കിടെ 5471 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. കഴിഞ്ഞദിവസം പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു.
12 പേർ എലിപ്പനി ബാധ സംശയത്തിലുമാണ്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 29 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയറിളക്കരോഗങ്ങളെ തുടർന്ന് ഒരാഴ്ചക്കിടെ ഇരുനൂറിലേറെപ്പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 10 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. തക്കാളിപ്പനി ബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കിടെ 97 കേസുകൾ റിപ്പോർട്ട് ചെയ്തു.
തക്കാളിപ്പനി എന്നറിയപ്പെടുന്ന ഹാൻഡ് ഫുട്ട് മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി) കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്ഥമാറ്റം മൂലവും രോഗം ബാധിച്ചവരുമായി ഇടപഴകിയാലും ഈ വൈറസ് പിടികൂടും. കൈകാലുകളിലും വായ്ക്കകത്തും ചെറുകുമിളകൾ കാണപ്പെടും. വായിലെ തൊലിപോകുകയും ചെറിയ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ച നീളുമെങ്കിലും രോഗം തനിയെ മാറും.
പനിയും ചുമയുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടിയതായി ഡോക്ടർമാർ പറയുന്നു. കോവിഡ് കേസുകളിലും വർധനയുണ്ട്. ഈ സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറൽ പനിയുടെ ലക്ഷണങ്ങൾ. സാധാരണഗതിയിൽ അപകടകരമല്ലാത്ത വൈറൽ പനി ഏഴുദിവസം നീളാം. പനി ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദേശിക്കുന്നു.
മരുന്നിന് ക്ഷാമം
ജില്ലയിൽ പനി ബാധിതരുടെ എണ്ണം കൂടുമ്പോഴും പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്ന് ഇല്ലെന്ന ആക്ഷേപവുമുണ്ട്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയവക്കുള്ള മരുന്നുകൾക്കാണ് ഏറ്റവും ക്ഷാമം നേരിടുന്നത്.ആന്റിബയോട്ടിക്കുകളുടെ ലഭ്യതയും കുറവാണ്.
കുട്ടികൾക്കുണ്ടാകുന്ന അലർജിക്ക് നൽകുന്ന മോണ്ടകോപ് സിറപ്പ്, സിട്രിസിൻ സിറപ്പ്, പാരസെറ്റമോൾ സിറപ്പ്, മൂക്കിലൊഴിക്കുന്ന സലൈൻനാസൽ, അസ്തലിൻ തുടങ്ങിയവ പല ആശുപത്രികളിലും ലഭ്യമല്ല. കഴിഞ്ഞ ഒരു മാസമായി കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴിയുള്ള മരുന്ന് വിതരണം നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു.
ക്ഷാമം രൂക്ഷമായതോടെ ചില താലൂക്ക് ആശുപത്രികൾ തദ്ദേശ സ്ഥാപനങ്ങൾ പ്രോജക്ട് ഫണ്ടായി അനുവദിച്ച പണം ഉപയോഗിച്ച് പ്രാദേശിക വിപണിയിൽനിന്ന് മരുന്നുകൾ വാങ്ങി ക്ഷാമം പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ട്. അതേസമയം, ജില്ലയിൽ മരുന്നുകളുടെ വ്യാപക കുറവുണ്ടെന്നത് തെറ്റാണെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രികളിൽ മരുന്നുകളുടെ കുറവില്ലെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.