കട്ടപ്പന: കലയിൽ കുളിച്ച നാല് രാപ്പകലുകൾക്ക് വിട. പതിവു തെറ്റിക്കാതെ തൊടുപുഴ ഉപജില്ല തന്നെ ഓവറോൾ കിരീടം നേടി. ഏഴ് ഉപജില്ലകളുടെ കീഴിൽ പോരടിച്ചിരുന്നവർ ഇനി ഒന്നിച്ചൊന്നായി കൊല്ലത്തേക്ക്. ജനുവരി നാല് മുതൽ എട്ടുവരെ കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലാ മാമാങ്കത്തിൽ പരാതികളും പരിഭവങ്ങളും മറന്ന് ഒരേ മനസ്സോടെ ഇനി ഇടുക്കിയുടെ പോരാളികളാകും.
നൂറിലേറെ പോയന്റുകളുടെ വ്യത്യാസത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ തൊടുപുഴ ചാമ്പ്യൻ പദവി നിലനിർത്തി. 935 പോയൻറാണ് തൊടുപുഴക്ക്. രണ്ടാം സ്ഥാനക്കാരായ കട്ടപ്പനക്ക് 827 പോയന്റുണ്ട്. 785 പോയന്റുള്ള നെടുങ്കണ്ടത്തിനാണ് മൂന്നാം സ്ഥാനം. അടിമാലി (722), പീരുമേട് (676), അറക്കുളം (552), മൂന്നാർ (162) എന്നിങ്ങനെയാണ് പോയന്റ് നില.
യു.പി വിഭാഗത്തിൽ 176 പോയന്റും ഹൈസ്കൂൾ വിഭാഗത്തിൽ 386 പോയന്റും ഹയർ സെക്കൻഡറി വിഭാഗത്തിൽ 388 പോയന്റുമായാണ് തൊടുപുഴ കിരീടം നിലനിർത്തിയത്. 113 പോയന്റുമായി തൊടുപുഴ ഉപജില്ലയിലെ ഫാത്തിമ മാത ജി.എച്ച്.എസ്.എസ് കൂമ്പൻപാറയാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാമതെത്തിയത്. ഹൈസ്കൂൾ വിഭാഗത്തിൽ110 പോയന്റുമായി കട്ടപ്പന ഓസ്സാനം ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് ഒന്നാമതെത്തി. യു.പി വിഭാഗത്തിൽ മറയൂർ എസ്.എം.യു.പി.എസ് 46 പോയന്റോടെ ഒന്നാമതെത്തി.
യു.പി സംസ്കൃതോത്സവത്തിൽ നെടുങ്കണ്ടം പി.യു.പി.എസ് 35 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ നാങ്കിസിറ്റി എസ്.എൻ.എച്ച്.എസ്.എസ് 90 പോയന്റുമായി മുന്നിലെത്തി.
അറബി കലോത്സവത്തിൽ മുരിക്കാശ്ശേരി എസ്.എം.എച്ച്.എസ്.എസ് 63 പോയന്റുമായി ഒന്നാമതായപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ വണ്ണപ്പുറം എസ്.എൻ.എം എച്ച്.എസ് 80 പോയന്റുമായി ഒന്നാമതായി. 60 സ്കൂളുകൾ മാറ്റുരച്ച കലോത്സവത്തിൽ രണ്ട് സ്കുളുകളൊഴികെ മറ്റെല്ലാ സ്കൂളുകളും പോയന്റ് പട്ടികയിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.