കാഞ്ഞാർ: ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇലവീഴാപൂഞ്ചിറ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു. അവധി ദിനനോടനുബന്ധിച്ച് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇലവീഴാപ്പൂഞ്ചിറയിൽ എത്തിയത്. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇലവീഴാപ്പൂഞ്ചിറ. കോട്ടയം ജില്ലയിലെ കാഞ്ഞിരംകവലയിൽനിന്ന് ആധുനികരീതിയിൽ ടാറിങ് പൂർത്തിയായതോടെ നിരവധി വിനോദസഞ്ചാരികളാണ് അതുവഴി എത്തുന്നത്.
കാഞ്ഞാറിൽനിന്നുള്ള റോഡും ടാറിങ് പൂർത്തിയായിട്ടുണ്ട്. ചക്കിക്കാവിൽനിന്ന് ഇലവീഴാപ്പൂഞ്ചിറവരെയുള്ള ഭാഗം ടാറിങ് നടത്താതെ ദീർഘകാലം കിടന്നിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യങ്ങൾക്ക് ശേഷമാണ് ടാറിങ് പൂർത്തിയാക്കിയത്. കാഞ്ഞാർ വഴിയും നിരവധി വിനോദസഞ്ചാരികൾ പൂഞ്ചിറയിൽ എത്തുന്നുണ്ട്. ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യം പോലുമില്ല. ഇതുമൂലം വനിതകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ബുദ്ധിമുട്ടുകയാണ്. ഇലവീഴാപ്പൂഞ്ചിറ വ്യൂ പോയന്റിന്റെ 800 മീറ്റർ താഴെ വരെയാണ് നല്ലറോഡുള്ളത്.
ഇവിടെ നിന്ന് വിനോദസഞ്ചാരികളെ ട്രിപ്പ് ജീപ്പിലാണ് മുകളിലെത്തിക്കുന്നത്. ഈ 800 മീറ്റർ ഭാഗം ഗർത്തങ്ങളായിട്ടാണ് കിടക്കുന്നത്. ജീപ്പ് കടന്നുപോകുമ്പോൾ പ്രദേശമാകെ പൊടികൊണ്ട് നിറയും. പൊടിശല്യവും അതിജീവിച്ച് വേണം വ്യൂ പോയന്റിലെത്താൻ. പൊളിഞ്ഞുകിടക്കുന്ന ഭാഗം കല്ല് പാകിയെങ്കിലും നന്നാക്കിയാൽ പൊടിശല്യം ഒരു പരിധി വരെയെങ്കിലും തടയാനാകും. ഇതിനുപോലും അധികൃതർ തയാറാകുന്നില്ല. ഇലവീഴാപൂഞ്ചിറയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യം എങ്കിലും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.