തൊടുപുഴ: ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണം, വ്യക്തിവിവരം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെ വകുപ്പുകൾ. 20,000ത്തോളം അന്തർസംസ്ഥാന തൊഴിലാളികൾ ജില്ലയിൽ ഉണ്ടെന്ന് 2022ലെ കണക്കുകൾ വ്യക്തമാക്കുമ്പോൾ ഇതുസംബന്ധിച്ച കൃത്യമായ വിവരം ലേബർ വകുപ്പിന്റെയോ പൊലീസിന്റെയോ പക്കലില്ല.
അന്തർസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നടപ്പാക്കിയ സൗജന്യ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ആവാസ് പ്രകാരം ശേഖരിച്ച കണക്കിലാണ് തൊഴിലാളികളുടെ കണക്കുകൾ ശേഖരിച്ചത്. എന്നാൽ, അവരിൽ എത് പേർ ഇപ്പോഴും ജില്ലയിൽ ഉണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ കൈവശമില്ല. തോട്ടം തൊഴിലാളികളിൽ 60 ശതമാനവും അന്തർസംസ്ഥാനക്കാരാണ്. യഥാർഥ കണക്ക് തോട്ടം ഉടമകളും കോൺട്രാക്ടർമാരും മറച്ചുവെക്കുന്നതായും ആരോപണമുണ്ട്. ഓരോ മാസവും തൊഴിലാളികൾ മറ്റിടങ്ങളിലേക്ക് മാറി മാറിപ്പോകുന്നതിനാൽ ഇവരുടെ വിവര ശേഖരം അപ്രായോഗികമാണെന്നാണ് തൊഴിൽ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
മറ്റ് ജില്ലകളിലെന്നപോലെ ഒരു പതിറ്റാണ്ട് മുമ്പാണ് ഇടുക്കിയിലേക്ക് അന്തർസംസ്ഥാന തൊഴിലാളികളുടെ വരവിന്റെ തുടക്കം. പശ്ചിമബംഗാളിൽനിന്നുള്ളവരുടെ വരവ് വർധിച്ചതിന് പിന്നാലെ യു.പി, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, അസം എന്നിവിടങ്ങളിൽനിന്നും തൊഴിലാളികൾ കൂട്ടമായി എത്തി തുടങ്ങിയതോടെ മലയോര ജില്ലയും കുടിയേറ്റ തൊഴിലാളികൾ ചുടറുപ്പിച്ചു. തോട്ടംമേഖലകളിലടക്കം ജില്ലയിലെ തൊഴിലാളി ക്ഷാമത്തിന് ഇവരുടെ വരവ് ഒരു പരിധി വരെ ഗുണകരമായി.
തൊഴിലാളികളുടെ പേരും വിലാസവും തിരിച്ചറിയൽ രേഖകളും തൊഴിലുടമകൾ ശേഖരിച്ച് പൊലീസിന് കൈമാറണമെന്നാണ് ചട്ടം. എന്നാൽ, അസംഘടിത മേഖലകളിൽ പണിയെടുക്കുന്നവരുടെ വിവരങ്ങൾ ആരും ശേഖരിക്കാറില്ല. തൊഴിലാളികൾ എന്ന വ്യാജേന എത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. പലപ്പോഴും ഉണ്ടാവുക വ്യാജ തിരിച്ചറിയൽ കാർഡാണ്. മിക്കയിടങ്ങളിലും ക്യാമ്പുകളുടെ അന്തരീക്ഷം വളരെ മോശമാണ്.
ചെറുകിട സംരംഭങ്ങൾക്കു സമീപം വീടുകളിലും മറ്റും അന്തർസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന രീതിയും വ്യാപകമാണ്. പരിശോധന നടക്കാറില്ലാത്തതിനാൽ ഇവരുടെ ഉൾപ്പെടെ ക്രിമിനൽ പശ്ചാത്തലം അറിയാനുമാവുന്നില്ല. അടുത്തിടെ നിരോധിത പുകയില ഉൽപന്നങ്ങളും ലഹരി വസ്തുക്കളുമായി പിടിയിലാകുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടിവരുന്നതായി എക്സൈസും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.