കട്ടപ്പന: ഓണാഘോഷത്തിന് ജില്ലയിലെത്തുന്ന സഞ്ചാരികളെ മാടിവിളിക്കുകയാണ് അഞ്ചുരുളിയും അയ്യപ്പൻ കോവിലും. സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി ഇടുക്കി ജലാശയവും സമീപത്തുണ്ട്.
മഴ വിട്ടുനിൽക്കുന്നതിനാൽ ഇത്തവണ ഓണത്തിന് മുമ്പേ ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. വരുംദിവസങ്ങളിൽ ഇത് വർധിച്ചേക്കും. ഇടുക്കി ജലാശയത്തിന്റെ വിദൂരദൃശ്യമാണ് രണ്ട് പ്രദേശങ്ങളുടെയും മനോഹരിതക്ക് മാറ്റുകൂട്ടുന്നത്.
കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന അഞ്ചുരുളി ജലശയവും ടണൽ മുഖവും കാണാൻ സഞ്ചാരികൾ ധാരാളമായി എത്തുകയാണ്. കട്ടപ്പനയിൽനിന്ന് അഞ്ചു കിലോമീറ്റർ കുട്ടിക്കാനം റൂട്ടിൽ സഞ്ചാരിച്ചാൽ കക്കാട്ട്കടയിലെത്താം. അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞു വീണ്ടും നാലുകിലോമീറ്റർ യാത്ര ചെയ്താൽ അഞ്ചുരുളിയായി.
ഇടുക്കി ജലാശയത്തിന് നടുവിൽ ഉരുളി കമഴ്ത്തി വച്ചിരിക്കുന്നത് പോലെ അഞ്ചു പച്ചതുരുത്തുകൾ കാണാം. അതിനാലാണ് ഈ പ്രദേശത്തിന് അഞ്ചുരുളി എന്ന പേര് വന്നതെന്ന് പറയുന്നു. ഇരട്ടയാർ ഡാമിൽ നിന്ന് ഇടുക്കി ജലശയത്തിലേക്ക് വെള്ളം എത്തിക്കുന്ന ആറു കിലോമീറ്റർ വരുന്ന തുരങ്കവും തുരങ്ക മുഖത്തെ വെള്ളച്ചാട്ടവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാഴ്ചകളാണ്. ആദിവാസികളായ നാട്ടുകാരും മീൻപിടുത്തക്കാരും ചൂണ്ടയിടുന്നവരും വല കെട്ടുന്നതും ഇവിടുത്തെ പതിവ് കാഴ്ച.
സീസണിൽ ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രം സജീവമായി തുടങ്ങി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെത്തിയ ധാരാളം ടൂറിസ്റ്റുകൾ അഞ്ചുരുളി സന്ദർശിച്ചു മടങ്ങി. അഞ്ചുരുളിയിലെ റിസോർട്ടുകളും ഹോം സ്റ്റേകളും സജീവം.
കട്ടപ്പനയിൽ നിന്ന് കുട്ടിക്കാനം റൂട്ടിൽ 10 കിലോമീറ്റർ സഞ്ചാരിച്ചാൽ മാട്ടുക്കട്ടയിലെത്താം. അവിടെനിന്ന് നാലു കിലോമീറ്റർ പോയാൽ അയ്യപ്പൻ കോവിൽ തൂക്കുപാലത്തിലും.
ഇടുക്കി ജലാശയത്തിനു കുറുകെ അയ്യപ്പകോവിൽ നിർമിച്ചിരിക്കുന്ന തൂക്കുപാലം സംസ്ഥാനത്തെ തന്നെ വലിയ തൂക്കുപാലങ്ങളിൽ ഒന്നാണ്. ഇതിലൂടെ കയറി മറുകരയിലെത്തി തിരിച്ചുവരുകയെന്നത് ആരെയും ആകർഷിക്കും. പാലത്തിൽനിന്ന് നോക്കിയാൽ പരന്നു കിടക്കുന്ന പെരിയാറും ഇടുക്കി ജലശയവും മനോഹരമായി കാണാം. ഇപ്പോൾ പാലത്തിൽ ഒരേസമയം കുറച്ചു പേർക്ക് മാത്രമേ കയറാനാകു. കൈവരികളിലെ നട്ടും ബോൾട്ടും ഇളകി പാലം ബലക്ഷയം നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡും സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. പാലത്തിനു താഴെ ഇടുക്കി ജലാശയത്തിൽ വള്ളത്തിൽ സഞ്ചരിക്കാനും ജലാശയത്തിന്റെ കാഴ്ച അടുത്താസ്വദിക്കാനും സൗകര്യങ്ങൾ ഇപ്പോഴുണ്ട്. മത്സ്യത്തൊഴിലാളികളാണ് സഞ്ചരികൾക്കായി വള്ളത്തിൽ സഞ്ചരിക്കാൻ സൗകര്യം ക്രമികരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.