കട്ടപ്പന: വേനൽ മഴ കുറയുകയും വരൾച്ച ശക്തമാകുകയും ചെയ്തതോടെയാണ് പെരിയാർ നദിയിലെ നീരോഴുക്ക് നിലച്ചു. പെരിയാർ നദിയിൽ വളരെ നേരിയ തോതിൽ ഒരു ഭാഗത്തുകൂടി മാത്രമാണ് വെള്ളം ഒഴുകുന്നത്. മഴ വിട്ടു നിന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇതും നിലക്കും. ഇതോടെ പെരിയാർ തീരദേശ വാസികൾ കടുത്ത വിഷമത്തിലാകും. നദിയിലെ വെള്ളമാണ് ഭൂരിപക്ഷം ആളുകളും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത്.
ജലനിരപ്പ് വറ്റുന്നതോടെ നദി തീരത്തെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴുന്ന് കുടിവെള്ളത്തിന് ബുദ്ധി മുട്ടുന്ന സ്ഥിതി വരും. നാലു മാസങ്ങൾക്ക് മുമ്പ് ജല സമൃദ്ധമായിരുന്നു പെരിയാർ. ഇക്കഴിഞ്ഞ മഴക്കാലത്ത് ആർത്തിരമ്പിയ പെരിയാർ ഇന്ന് നീർച്ചാലിന് സമാനമായി മാറികൊണ്ടിരിക്കുകയാണ്.
നീരൊഴുക്ക് കുറഞ്ഞതോടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ കുളിക്കുന്നതിനും അലക്കുന്നതിനുമായി ഉപയോഗിക്കുന്ന പെരിയാറിലെ ജലം മലിനമായി. ഇത് ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയാക്കുമെന്ന ആശങ്കയും തീരദേശവാസികൾക്കിടയിലുണ്ട് . പെരിയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. പെരിയാർ വറ്റിയതോടെ ഈ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും അവതാളത്തിലാണ്. പ്രളയത്തിന് ശേഷം ജലലഭ്യതയിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് തീരദേശവാസികൾ പറയുന്നത്. വേനൽ കനത്താൽ പെരിയാറ്റിലെ ലക്ഷക്കണക്കിന് ജലജീവികളുടെ ആവാസവ്യവസ്ഥയും ഇല്ലാതാകും.
വേനലിനു മുമ്പേ ഹൈറേഞ്ച് ചുട്ടുപൊള്ളാന്‍ തുടങ്ങിയതോടെ ഹൈറേഞ്ചിലെ ആയിരത്തോളം കുഴൽ കിണറുകൾ വറ്റി. കുടി വെള്ളത്തിനും കൃഷി വിളകൾ നനക്കാനും വെള്ളമില്ലാതെ കർഷകർ വിഷമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 32 മുതൽ 38 ഡിഗ്രിയോളമാണ് പകല്‍ സമയത്ത് ചൂട് അനുഭവപ്പെട്ടത്. രാത്രിയില്‍ നേരിയ മഞ്ഞു അനുഭവപ്പെടുന്നുണ്ടെങ്കിലും രാവിലെ ഒന്‍പത് ആകുന്നതോടെ തന്നെ വെയിലിനു ചൂട് കൂടുന്നതാണ് ഇപ്പോഴത്തെ പതിവ്. രൂക്ഷമായ വെയില് ഏല്ക്കാന് തുടങ്ങിയതോടെ ഏലം ഉള്‍പ്പെടെയുള്ള വിളകള്‍ കരിഞ്ഞു. മണ്ണില്‍ ഈര്‍പ്പം ഇല്ലാതായി. തേയില തോട്ടങ്ങളിൽ ഉണക്ക് ബാധിച്ചു ചെടികൾ ഉണങ്ങാൻ തുടങ്ങി. ഒപ്പം ജലസ്രോതസുകളില്‍ വെള്ളവും വറ്റി. പെരിയാറിനു പിന്നാലെ പോഷക നദികളിലെ നീരൊഴുക്കും ഇല്ലാതായി. ചെറിയ തോടുകളും വറ്റി.
ആയിരത്തോളം കുഴൽ കിണറുകളിൽ ജലനിരപ്പ് താഴ്ന്ന് കുഴൽ കിണറുകളുടെ പ്രവർത്തനം നിലച്ചു. കുഴൽ കിണറുകൾ വറ്റിയതോടെ ജലസേചനം ചെയ്യാനാവാതെ ഏലം കൃഷി ഉൾപ്പെടെയുള്ള കൃഷികൾ നശിച്ചു . പല തോട്ടങ്ങളിലും വെള്ളം നനച്ചു കൊടുത്തിട്ടും ചെടികളുടെ ചിമ്പും ഇലകളും കരിഞ്ഞുണങ്ങി നില്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.