കട്ടപ്പന: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെയും നവോത്ഥാന നായകൻ അയ്യൻകാളിയുടെയും വെങ്കല പ്രതിമകൾ നാളെ അനാച്ഛാദനം ചെയ്യുമ്പോൾ കട്ടപ്പന നഗരസഭക്ക് അതൊരു പ്രായശ്ചിത്തം കൂടിയാണ്. 14 വർഷം മുമ്പ് അംബദ്കറുടെ ചിത്രം മാലിന്യവണ്ടിയിൽ നീക്കം ചെയ്തതിന്റെ പേരിൽ വിവാദമായ അതേ സ്ഥാനത്താണ് അബേദ്കറുറെയും അയ്യൻകാളിയുടെയും പ്രതിമ ഉയരുന്നത്.
11 ലക്ഷം മുടക്കിയാണ് സ്മൃതി മണ്ഡപം നിർമിച്ചത്. അഞ്ചര അടി ഉയരത്തിലുള്ള ഇരുവരുടെയും വെങ്കല പ്രതിമക്ക് മാത്രം ഏഴു ലക്ഷം ചെലവായി. ശില്പി മാന്നാർ സ്വദേശി ആലക്കൽ രതീഷാണ് പൂർണകായ പ്രതിമകൾ നിർമിച്ചത്. ഇരുവരുടെയും പ്രതിമകൾ ഒരേ പീഠത്തിൽ നാടിന് സമർപ്പിക്കുമ്പോൾ അത് ദലിത് വിഭാഗം നീണ്ട നാൾ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്.
കട്ടപ്പന പഴയ ബസ് സ്റ്റാൻഡിനു സമീപം നഗരസഭയുടെ സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥിതി ചെയ്തിരുന്ന അംബേദ്കറുടെ ഛായാചിത്രം അന്നത്തെ പഞ്ചായത്ത് ഭരണ സമിതി ഇളക്കിയെടുത്ത് മാലിന്യ വണ്ടിയിൽ നീക്കം ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനും ഹർത്താലിനും വരെ ഇടയാക്കിയിരുന്നു.
വിഷയം സംസ്ഥാനവ്യാപകമായി വലിയ പ്രതിഷേധമായപ്പോൾ പഞ്ചായത്തിന്റെ അനുമതിയോടെ ദലിത് വിഭാഗം പ്രവർത്തകർ പുതിയ ഛായാചിത്രം അതേ സ്ഥലത്ത് പുനഃസ്ഥാപിച്ചു. പിന്നീട് ജോണി കുളംപള്ളി പഞ്ചായത്ത് പ്രസിഡന്റായപ്പോൾ ഭരണസമിതി യോഗം ചേർന്ന് ചിത്രം നീക്കിയ സ്ഥലത്ത് അംബേദ്കറുടെയും അയ്യങ്കാളിയുടെയും സ്മൃതിമണ്ഡപം സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
വർഷങ്ങൾ കടന്നുപോയെങ്കിലും സ്മൃതിമണ്ഡപം നിർമാണം മാത്രം നടന്നില്ല. പിന്നീട് കട്ടപ്പന നഗരസഭയായി. തുടർന്ന് ദലിത് സമൂഹത്തിൽനിന്ന് സ്മൃതിമണ്ഡപ നിർമാണ ആവശ്യം ശക്തമാവുകയും ഒടുവിൽ നഗരസഭ സ്മൃതിമണ്ഡപ നിർമാണത്തിന് ഫണ്ട് വകയിരുത്തി പൂർത്തിയാക്കുകയുമായിരുന്നു.
സ്മൃതിമണ്ഡപം വെള്ളിയാഴ്ച രാവിലെ 11ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സമർപ്പിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.