കട്ടപ്പന: ജില്ലയിലെ ഏറ്റവും നീളവും ഉയരവും കൂടിയ അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ അറ്റകുറ്റപ്പണിയും സുരക്ഷയുമില്ല. സുരക്ഷക്കായി പൊലീസിനെ പാലത്തിൽ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നു.
വർഷങ്ങളുടെ പഴക്കമുണ്ടായിട്ടും സമയത്തിന് അറ്റകുറ്റപ്പണി നടത്താത്തത്തിനാൽ തൂക്കുപാലം കടുത്ത അപകട ഭീഷണിയിലാണ്.
അയ്യപ്പൻകോവിൽ, കാഞ്ചിയർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇടുക്കി ജലാശയത്തിന് കുറുകെ 2012-13 കാല ഘട്ടത്തിലാണ് 2.05 കോടി രൂപ ചെലവഴിച്ച് 200 മീറ്റർ നീളത്തിൽ ജില്ലാ റിവർ മാനേജ്മെന്റ് തൂക്കുപാലം നിർമിച്ചത്. അതിന് ശേഷം അറ്റകുറ്റപ്പണി ഒന്നും നടത്തിയിട്ടില്ല. കൈവരികളിലെ നട്ടും ബോൾട്ടും ഇളകിയും പലസ്ഥലത്തും കമ്പികൾ വേർപെട്ടും ആളുകൾ കയറുമ്പോൾ പാലം ഇളകിയാടുകയാണ്. പല സ്ഥലത്തും ഇരുമ്പ് കമ്പികൾ തുരുമ്പെടുത്ത് ബന്ധം വേർപെട്ട് നിൽക്കുകയാണ്. പാലത്തിൽ കയറുന്ന വിനോദസഞ്ചരികൾ പാലം കുലുക്കി അഹ്ലാദിക്കുന്നതും അപകട ഭീഷണി വർധിപ്പിക്കുന്നു.
അയ്യപ്പൻകോവിലിൽ ഇടുക്കി ജലാശയത്തിന്റെ മറുകരയിൽ താമസിക്കുന്ന നിരവധി സ്കൂൾ കുട്ടികളുടെ യാത്രയും ഈ തൂക്കു പാലത്തിലൂടെ. ജലാശയത്തിൽ ജലനിരപ്പ് ഉയർന്നാൽ അയ്യപ്പൻകോവിൽ പ്രദേശത്ത് ഡാമിന്റെ മറുകരയിൽ താമസിക്കുന്ന കുടുംബങ്ങളിൽനിന്നുള്ള സ്കൂൾ -കോളേജ് കുട്ടികൾക്ക് ജലാശയം കുറുകെ കടക്കാൻ തുക്കുപാലത്തെ ആശ്രയിച്ചേ മതിയാകൂ. ഒരേ സമയം രണ്ട് പേർക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന വീതിമാത്രമാണ് പാലത്തിനുള്ളത്. കോവിൽമല ആദിവാസി കുടികളിൽനിന്നുള്ള കുട്ടികളും സ്കൂളിൽ പോകാൻ ആശ്രയിക്കുന്ന ഏക തൂക്കുപാലമാണിത്. സ്കൂൾ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തു പാലത്തിന്റെ അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കി അപകട ഭിഷണി ഒഴിവാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
ഒരേസമയം ഇരു വശത്തുനിന്നുമായി 40 പേർക്ക് മാത്രമാണ് പാലത്തിൽ പ്രവേശനം. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് തിരക്കേറിയ സമയങ്ങളിൽ ഇതിന്റെ ഇരട്ടിയിലധികം പേരാണ് കയറുന്നത്. തിരക്ക് നിയന്ത്രിക്കാൻ ആരുമില്ല. പലപ്പോഴും നാട്ടുകാരുടെ നിർദേശങ്ങൾ പോലും കണക്കിലെടുക്കാതെ ആളുകൾ പാലം ശക്തിയായി കുലുക്കുന്നതായും പരാതിയുണ്ട്. തുരുമ്പെടുത്ത കൈവരികളിൽ കയറിനിന്ന് യുവാക്കൾ ചിത്രങ്ങൾ പകർത്തുന്നതും പതിവാണ്.
തൂക്കുപാലം നിർമിച്ച കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ്(കെഇഎൽ) അറ്റകുറ്റപ്പണിക്കായി അയ്യപ്പൻകോവിൽ പഞ്ചായത്തിനുവേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കുകയും ജില്ലാ റിവർ മാനേജ്മെന്റ് 22.5 ലക്ഷം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടി ഉണ്ടാകാത്തതാണ് അറ്റകുറ്റപ്പണികൾ വൈകിക്കുന്നത്.
കാലവർഷം വരാനിരിക്കെ അടിയന്തരമായി അറ്റകുറ്റപ്പണിൾ പൂർത്തിയാക്കിയില്ലെങ്കിൽ വലിയ ദുരന്തം വിളിച്ചു വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.