കട്ടപ്പന: ഇടുക്കിയിലെ കർഷകർ ആശ്രയിക്കുന്ന ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ വിളകളെ ബജറ്റില്‍ അവഗണിച്ചെന്ന ആക്ഷേപവുമായി മലയോര കർഷകർ. റബര്‍ കര്‍ഷകര്‍ക്ക് ബജറ്റ് ആശ്വാസകരമാണെങ്കിലും മറ്റ് വിളകളെ ബജറ്റ് കണ്ടില്ലെന്ന് നടിച്ചതായാണ് പരാതി.
കടുത്ത വിലയിടിവിലൂടെയാണ് ഏലം കാര്‍ഷിക മേഖല കടന്നുപോകുന്നത്. 50,000 ത്തിലേറെ കര്‍ഷകാരാണ് ഇടുക്കിയില്‍ മാത്രം ഏലം കൃഷിയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നത്. എലകൃഷിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, വളം, കീടനാശിനി കച്ചവടക്കാര്‍ തുടങ്ങി വലിയൊരുവിഭാഗം ആളുകളുടെ ഉപജീവനമാര്‍ഗമാണ് ഏലം കൃഷി. എന്നാല്‍, കനത്ത വിലയിടിവിനെ തുടര്‍ന്ന് കൃഷിയെ ആശ്രയിച്ച് കഴിയുന്നവര്‍ കടുത്ത പ്രതിസന്ധിയിലാണ്.
പലരും വലിയ കടക്കെണികളിലുമായി. കിലോക്ക് 1000 രൂപയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ വില ലഭിക്കുന്നത്. ഏലത്തിന് 1500 രൂപ തറവില ലഭ്യമാക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ സമരമുഖത്താണ്. ബജറ്റില്‍ ഏലം കര്‍ഷകരെ താങ്ങിനിര്‍ത്താനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍, ബജറ്റില്‍ നേരിട്ട് ഏലത്തെക്കുറിച്ച് പരാമര്‍ശമില്ലാതെ വന്നത് കര്‍ഷകരെ നിരാശയിലാക്കി. ബജറ്റിൽ ഇടുക്കി പാക്കേജില്‍ ഏലം കൃഷിയെ പരിഗണിക്കുമോയെന്ന കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍.
കാപ്പി, കുരുമുളക് തുടങ്ങിയ ഇടുക്കിയുടെ തനത് കൃഷികള്‍ക്കും ബജറ്റില്‍ കൈത്താങ്ങ് ഉണ്ടായിട്ടില്ല. കുരുമുളകിന് ഇപ്പോള്‍ ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും കാപ്പി കര്‍ഷകരുടെ സ്ഥിതി പരിതാപകരമാണ്. ഇത്തവണ സീസണിലെ ഉയര്‍ന്ന വില ലഭിച്ചെങ്കിലും നിലവിലെ ജീവിത സാഹചര്യത്തില്‍ കാപ്പി കര്‍ഷകര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വിലയാണ്. ഇതോടെ തന്നെ ഹൈറേഞ്ചിലെ പരമ്പരാഗത കാപ്പി കര്‍ഷകര്‍ പലരും കൃഷി ഉപേക്ഷിച്ചുതുടങ്ങി.
ചെറുകിട തേയില കർഷകരും വിലയിടിവിൽപെട്ടു വിഷമിക്കുകയാണ്. സർക്കാർ സഹായമാണ് എല്ലാവരുടെയും ഏക പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.