കട്ടപ്പന: അഞ്ചുരുളിയില്‍ സ്വകാര്യ വ്യക്തി കൈയേറി അവകാശവാദമുന്നയിച്ച സര്‍ക്കാര്‍ ഭൂമിയിലെ കെട്ടിടങ്ങള്‍ ജല അതോറിറ്റി പൊളിച്ചുനീക്കി. അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് പുതുതായി നിര്‍മിച്ച കെട്ടിടവും പഴയ കെട്ടിടവും പൊളിച്ചത്. അതേസമയം കോടതി നിര്‍ദേശം ലംഘിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചതെന്ന് സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ച എ.എം ചാക്കോ പറയുന്നു.
അഞ്ച് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷന് പദ്ധതിയ്ക്ക് ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍ അഞ്ചുരുളിയില്‍ കെഎസ്ഇബി അനുവദിച്ച സ്ഥലത്തിനുമേല്‍ അവകാശം ഉന്നയിച്ച് നരിയംപാറ സ്വദേശി എട്ടിയില്‍ ചാക്കോ കോടതിയെ സമീപിച്ചിരുന്നു. ഇയാളുടെ കൈവശത്തിലുള്ള 3.30 ഏക്കര്‍ ഭൂമിയിലെ ഒരേക്കര്‍ വസ്തു കൈയേറിയതാണെന്ന് കണ്ടെത്തി നവംബര്‍ 17ന് റവന്യു സംഘം ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ സ്ഥലത്തെ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്.
അതേസമയം കട്ടപ്പന കോടതിയില്‍ നിലവിലുള്ള കേസില്‍ വിധിയുണ്ടാകുന്നത് വരെ സ്ഥലത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ഇതുലംഘിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത് കോടതിയലക്ഷ്യമാണെന്നും ചാക്കോ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.