കട്ടപ്പന (ഇടുക്കി): പെൺകരുത്തിന്റെയും കരുതലിന്റെയും പ്രതീകമാണ് ലിൻസി എന്ന സ്കൂൾ അധ്യാപിക. ലബ്ബക്കട കൊച്ചുപറമ്പിൽ സെബാസ്റ്റ്യന്റെ ഭാര്യയും മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ലിൻസി നിർധനരായ പല കുട്ടികളുടെയും ജീവിതത്തിൽ കൈത്താങ്ങും വെളിച്ചവുമാണ്.
നിർധനരായ ആറ് വിദ്യാർഥികൾക്ക് സുമനസ്സുകളുടെ സഹായത്തോടെ ഇതിനകം വീട് നിർമിച്ചുനൽകി. ലോക്ഡൗൺ കാലത്ത് 145 വിദ്യാർഥികളുടെ വീടുകളിൽ പലചരക്ക് സാധനങ്ങൾ എത്തിച്ചും ഈ അധ്യാപിക കരുതലിന്റെ വേറിട്ട മാതൃകയായി.
താൻ പഠിപ്പിക്കുന്നവരിൽ ഭൂരിഭാഗവും പട്ടിണിയിലും ദരിദ്ര്യത്തിലുമാണെന്ന തിരിച്ചറിവാണ് ടീച്ചറുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രചോദനം. വർങ്ങൾക്ക് മുമ്പ് സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്ന അവസരത്തിൽ സ്കൂളിലെ പാവപ്പെട്ട വിദ്യാർഥികളെ കണ്ടെത്താൻ ടീച്ചർക്ക് കഴിഞ്ഞിരുന്നു.
പഠിപ്പിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യാറുണ്ട്. സംസാര വൈകല്യമുള്ള വിദ്യാർഥിനിയുടെ ചികിത്സക്ക് അരലക്ഷത്തിലധികം രൂപ സമാഹരിച്ചുനൽകി. സ്കൂളിൽ പച്ചക്കറികൃഷി ചെയ്തിരുന്ന നാളുകളിൽ ജൈവപച്ചക്കറി കൃഷി വിളയിച്ച് പുരസ്കാരവും നേടി.
നാടൻ കറിപ്പൊടികൾ നിർമിച്ച് സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള കറികളിൽ ഉപയോഗിച്ച് വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷണത്തിനും ലിൻസി മുൻകൈയെടുക്കുന്നു. ലോക്ഡൗൺ കാലത്ത് ഓൺലൈൻ പഠനത്തിന് 54 കുട്ടികൾക്ക് ടെലിവിഷനും സ്മാർട്ഫോണും ലഭ്യമാക്കി.
യാത്രസൗകര്യമോ കേബിൾ കണക്ഷനോ ഇല്ലാത്ത കണ്ണംപടി-മേമാരി പ്രദേശത്തെ ഗോത്ര വിദ്യാർഥികളുടെ വീടുകളിൽ ടി.വിക്കൊപ്പം ഡി.ടി.എച്ച് കണക്ഷനും എത്തിച്ചുനൽകി. കഴിഞ്ഞ വർഷം പ്രൈമറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വാഴവിത്തുകൾ നൽകി സ്കൂളിൽ മാതൃക വാഴത്തോട്ടം നിർമിച്ചു. ഈവർഷം സ്കൂളിൽ ചേർന്ന മുഴുവൻ കുട്ടികൾക്കും പ്ലാവിൻതൈകളും രണ്ട് എൽ.ഇ.ഡി ബൾബുകളും ഓണസമ്മാനമായി പ്രൈമറി കുട്ടികൾക്ക് ഓണക്കോടിയും നൽകി ലിൻസി ശ്രദ്ധനേടിയിരുന്നു.
കഴിഞ്ഞ വിഷുദിനത്തിൽ തപാൽ വകുപ്പിന്റെ സഹകരണത്തോടെ കണിക്കൊന്നയുടെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക കവറിൽ കുട്ടികൾക്ക് വിഷുക്കൈനീട്ടം എത്തിച്ചുനൽകി. ശമ്പളത്തിൽ നിന്നുള്ള വിഹിതമാണ് ഇതിനായി നീക്കിവെച്ചത്.
സംസ്ഥാന അധ്യാപക അവാർഡും സാമൂഹക ക്ഷേമ വകുപ്പ് പുരസ്കാരവും സംസ്ഥാന പി.ടി.എ അവാർഡും ലിൻസിക്ക് ലഭിച്ചിട്ടുണ്ട്. ഭർത്താവ് സെബാസ്റ്റ്യൻ ജോർജ് കുട്ടിക്കാനം മരിയൻ കോളജിൽ ജോലി ചെയ്യുന്നു. ജോയൽ, ടോം എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.