കട്ടപ്പന: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഏലകൃഷിക്ക് തുടർച്ചയായി നാശമുണ്ടാകുന്ന സാഹചര്യത്തിൽ ഹൈറേഞ്ചിലെ ഏലം കർഷകർ കാപ്പി, കുരുമുളക് കൃഷിയിലേക്ക് തിരിയുന്നു. കാപ്പി, കുരുമുളക് തൈകളുടെ വിൽപന മുൻവർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വർധിച്ചെന്ന് നഴ്സറികളിലെ വിൽപന വ്യക്തമാക്കുന്നു. അപ്രതീക്ഷിത വേനൽ, ജലക്ഷാമം, ഉൽപാദന ചെലവിലെ വർധന, അടിസ്ഥാന വിലയിലെ ചാഞ്ചാട്ടം തുടങ്ങിയ കാരണങ്ങളാണ് കർഷകരുടെ ചുവടുമാറ്റത്തിനു കാരണം. ഈ വർഷം 30 ശതമാനത്തോളം കർഷകർ കാപ്പി, കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞതായി കർഷക സംഘടനകൾ പറയുന്നു. താരതമ്യേന വേനലിനെ അതിജീവിക്കാൻ ശേഷിയുള്ള കാപ്പി കൃഷിയാണ് ഏലം ഉപേക്ഷിച്ചവരിൽ കൂടുതൽ കർഷകരും തെരഞ്ഞെടുക്കുന്നത്. കാപ്പി കൃഷിക്ക് കോഫി ബോർഡ് നൽകുന്ന സബ്സിഡിയും കർഷകർക്ക് പ്രചോദനമാകുന്നു. ഏലക്കയുടെ ഉത്പാദനം വർധിപ്പിക്കാൻ രാസവളങ്ങളുംകീടനാശിനിയും അമിതമായി ഉപയോഗിച്ചു. ഇത്
ജൈവാംശം ഇല്ലാതാക്കി മണ്ണിൻ്റെ ഘടനയെ മാറ്റിമറിച്ചു. രാസവളമില്ലാതെ കൃഷി നടത്താൻ കഴിയാത്ത സ്ഥിതിയായി ആവശ്യം വർധിച്ചതോടെ വളത്തിൻ്റെയും, കീടനാശിനിയുടേയും വില കമ്പനികൾ വർധിപ്പിച്ചു. ഇതു കർഷകർക്കു താങ്ങാനായില്ല. അതിനിടെ തണൽ മരങ്ങൾ മുറിച്ചതിനാൽ വേനൽ ചൂട് എലം കൃഷിയെ ദോഷകരമായി ബാധിച്ചു. ഇങ്ങനെ ഏലം മേഖലയിൽ ഒരിക്കലും ഉണ്ടാകാത്ത വ്യാപക കൃഷിനാശമാണ് കഴിഞ്ഞ രണ്ടു വർഷവും ഉണ്ടായത്.
ഇതാണ് ഏലം കൃഷി ഉപേക്ഷിക്കാനും കാപ്പി, കുരുമുളക് തുടങ്ങിയ കൃഷി രീതിയിലേക്ക് കർഷകർ മടങ്ങാനും കാരണം. ഏലത്തട്ടകളുടെ വിൽപന മുൻവർഷങ്ങളെ അപേക്ഷിച്ചു 50 ശതമാനം കുറഞ്ഞപ്പോഴാണ് കുരുമുളക് തൈകളുട വില്പന വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.