കട്ടപ്പന: രോഗബാധയും വിലത്തകർച്ചയും മൂലം പ്രതിസന്ധിയിലായതോടെ കൃഷിതന്നെ ഉപേക്ഷിക്കുകയാണ് ഹൈറേഞ്ചിലെ കാപ്പിക്കർഷകർ. വിളവെടുപ്പ് സീസൺ കഴിഞ്ഞതോടെ കാപ്പിപ്പരിപ്പ് വില കിലോക്ക് 105 രൂപയിലേക്ക് താഴ്ന്നു. കുറഞ്ഞത് 250 രൂപയെങ്കിലും കിട്ടിയാലെ കൃഷി ആദായകരമാകൂവെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം ഈ സമയം കിലോക്ക് 100 രൂപയായിരുന്നു. പിന്നീട് 120വരെ എത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. കാപ്പിക്കുരുവിന് ലഭിക്കുന്നത് 62 രൂപയാണ്.
നിലവിൽ ലഭിക്കുന്ന വില വിളവെടുപ്പ് കൂലിക്കുപോലും തികയില്ല. വിലത്തകർച്ച മൂലം കഴിഞ്ഞ സീസണിൽ വിളവെടുപ്പ് വേണ്ടെന്നുെവച്ച കർഷകരും ഉണ്ട്. ചിലർ വിളവിെൻറ പകുതി കൂലിയായി നൽകാമെന്ന വ്യവസ്ഥയിൽ തൊഴിലാളികളെകൊണ്ട് വിളവെടുത്തു. വിളവെടുപ്പ് വേണ്ടെന്നുെവച്ച കർഷകരുടെ തോട്ടത്തിലെ കാപ്പിക്കുരു പൂർണമായും മഴയിൽ ചീഞ്ഞ് നശിച്ചു. ഈ വർഷം മഴ ആരംഭിച്ച ശേഷം കാപ്പിച്ചെടികൾക്ക് രോഗബാധ അധികരിച്ചിട്ടുണ്ട്. ഇത് അടുത്ത വർഷത്തെ ഉൽപാദനത്തെ സാരമായി ബാധിക്കും. കാലാവസ്ഥ അനുകുലമായതിനാൽ ഈ വർഷം ഉൽപാദനം വർധിക്കുമെന്ന സൂചനകൾ വിലക്കയറ്റം തടയാൻ ഇടയാക്കി. തുടർച്ചയായ വിലയിടിവും വിളനാശവും മൂലം കാപ്പിക്ക് പകരം മറ്റുകൃഷികളിലേക്ക് തിരിയാനും കർഷകർ ശ്രമം തുടങ്ങിയിട്ടുണ്ട്. കാപ്പി കൃഷി ചെയ്യുന്ന മേട് പ്രദേശങ്ങൾ മറ്റുവിളകൾക്ക് പറ്റിയതല്ലാത്തതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ കൊക്കോ കൃഷി ചെയ്യാനും ചിലർ ആലോചിക്കുന്നു.
വിളവെടുപ്പ് കഴിഞ്ഞപ്പോൾ ബാധ്യത കൂടി
ഹൈറേഞ്ചിൽ ഈ വർഷത്തെ കാപ്പിക്കുരു വിളവെടുപ്പ് പൂർത്തിയാകുമ്പോൾ കർഷകർക്ക് ബാധ്യത കൂടുകയാണ്. കാപ്പി ധാരാളമായി കൃഷി ചെയ്യുന്ന ചപ്പാത്ത്, മ്ലാമല, ഉപ്പുതറ, കോഴിമല, കാഞ്ചിയാർ, മേരികുളം, മാട്ടുക്കട്ട, സ്വർണവിലാസം, സ്വരാജ് മേഖലകളിൽ മാത്രമാണ് വിളവെടുപ്പ് പൂർണമായത്. നിശ്ചിത സമയത്തിനുള്ളിൽ കുരു പറിച്ചെടുത്തില്ലെങ്കിൽ പക്ഷികളും വവ്വാലുകളും അണ്ണാനും ഇത് ആഹാരമാക്കുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമുണ്ടാകും.
തൊഴിലാളികളെ കിട്ടാനില്ല
വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാത്തതാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. മുമ്പ് തമിഴ് തൊഴിലാളികൾ ധാരാളമായി വന്നിരുന്നു. ഇവർക്ക് പൊതുവെ കൂലിയും കുറവായിരുന്നു. കോവിഡ് പ്രതിസന്ധിയും തമിഴ്നാട്ടിൽ നിർമാണമേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടായതും മൂലം കേരളത്തിലേക്ക് തമിഴ് തൊഴിലാളികളുടെ വരവ് കുറഞ്ഞു. യഥാസമയം വിളവെടുക്കാൻ പറ്റാതെ വന്നത് കൂടുതൽ നഷ്ടത്തിന് ഇടയാക്കി.
സഹായവുമായി കോഫി ബോർഡ്
കാപ്പിക്കര്‍ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ടോൾ ഫ്രീ നമ്പറടക്കം സജ്ജമാക്കിയിരിക്കുകയാണ് വാഴവര കോഫി ബോര്‍ഡ് വിജ്ഞാന വ്യാപന വിഭാഗം. കോഫി-കൃഷി-തരംഗ് എന്ന പദ്ധതിയിലൂടെ കര്‍ഷകർക്ക് തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ടോള്‍ ഫ്രീ നമ്പറായ -04868 278025 ലേക്ക് മിസ്ഡ്കാൾ ചെയ്താൽ മതി.
കാപ്പിക്കുരുവിെൻറ കൃത്യമായ ഉണക്കും ഈര്‍പ്പവും കണ്ടുപിടിക്കാൻ ഡിജിറ്റല്‍ മോയിസ്റ്റർ മീറ്ററിന് പുറമെ കോഫി ഹല്ലർ, പീലര്‍ കം പോളിഷർ സംവിധാനങ്ങളും ഇവിടെയുണ്ട്. എസ്.സി വിഭാഗം കര്‍ഷകര്‍ക്ക് ആവര്‍ത്തന കൃഷി, ജലസേചന പദ്ധതികള്‍, ഗോഡൗൺ, സ്റ്റോർ റൂം എന്നിവയുടെ സബ്സിഡിക്ക് ഇൗ ഒാഫിസുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.