കട്ടപ്പന: പുറ്റടിയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. പ്രാഥമിക സൂചനകൾ അനുസരിച്ച് രവീന്ദ്രൻ ഭാര്യയെ കൊലപ്പെടുത്തി മണ്ണണ്ണ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് കരുതുന്നതെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ അറിയാനാകൂ.
അണക്കര ടൗണിൽ അൽഫോൻസ ബിൽഡിങ്ങിൽ വ്യാപാരം നടത്തുന്ന രവീന്ദ്രൻ പൊതുവെ ആളുകൾക്കിടയിൽ സ്വീകാര്യനായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും ഉള്ളതായും അറിവില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് രവീന്ദ്രൻ പണം നൽകാനുണ്ടായിരുന്ന സുഹൃത്തിനും കുടുംബ വാട്സ്ആപ് ഗ്രൂപ്പിലും അയച്ച സന്ദേശം പൊലീസ് പരിശോധിച്ചുവരുകയാണ്.
ഇതിൽ സുഹൃത്തിന് അയച്ച സന്ദേശത്തിൽ അദ്ദേഹം വഴി കടം വാങ്ങിയ തുകയിൽ കുറച്ചു അക്കൗണ്ടിൽ ഇട്ടിട്ടുള്ളതായും തുടർന്ന് അണക്കരയിൽ രവീന്ദ്രൻ നടത്തുന്ന കട ഏറ്റെടുത്തു നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെയും തങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അതിനാൽ യാത്ര ചോദിക്കുകയാണെന്നും ഇതോടൊപ്പം പറയുന്നു.
ഈ സൂചനകളാണ് രവീന്ദ്രൻ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു എന്ന നിഗമനത്തിലെത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. രവീന്ദ്രൻ കടയിൽ പോയി വരാൻ ഉപയോഗിച്ചിരുന്ന ബൈക്കും മകൾ ശ്രീധന്യ ഉപയോഗിച്ചിരുന്ന സൈക്കിളും വീടിനു മുന്നിലെ മുറ്റത്തു അനാഥമായി ഇരിപ്പുണ്ട്.
കട്ടപ്പന: നടുക്കുന്ന ദുരന്തത്തിന് മുന്നിലും തളരാതെ രക്ഷാപ്രവർത്തനത്തിൽ മുഴുകി അയൽവാസി മഞ്ജു. പുറ്റടിയിൽ രവീന്ദ്രന്റെയും ഉഷയുടെയും മരണം നടന്ന വീടിന് തൊട്ടടുത്താണ് പൊന്തെങ്ങൽ മഞ്ജു താമസിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയതിനെ തുടർന്ന് മാതാപിതാക്കളോടൊപ്പമാണ് താമസം. അടുത്ത നാളിലാണ് രവീന്ദ്രനും കുടുംബവും ഇവിടേക്ക് താമസം മാറിയത്.
തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെ വലിയ പൊട്ടിത്തെറി ശബ്ദവും ഉച്ചത്തിലുള്ള കരച്ചിലും കേട്ടാണ് മഞ്ജു ഉണർന്നത്. പുറത്തിറങ്ങി നോക്കുമ്പോൾ രവീന്ദ്രന്റെ വീട്ടിൽ വലിയ തീയും പുകയും കണ്ടു. ഓടിയെത്തുമ്പോൾ രവീന്ദ്രന്റെ മകൾ ശ്രീധന്യ, ധരിച്ചിരുന്ന വസ്ത്രം മുഴുവൻ കത്തിയ നിലയിൽ വീടിന്റെ മുന്നിൽ കരഞ്ഞുകൊണ്ട് ഇരിക്കുന്നു.
അമ്മയെ രക്ഷിക്കൂവെന്ന് ശ്രീധന്യ കരഞ്ഞു പറഞ്ഞതുകേട്ട് രവീന്ദ്രനും ഭാര്യയും കിടന്ന മുറിയിലേക്ക് മഞ്ജു കടക്കാൻ ശ്രമിച്ചെങ്കിലും തീ കാരണം അടുക്കാനായില്ല. ഉടൻ ഓടിപ്പോയി തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സന്തോഷിനെയും സന്ധ്യയെയും വിളിച്ചിറക്കി. സമീപവാസികളായ മറ്റു വീട്ടുകാരെയും ഉണർത്തി. എല്ലാവരും ചേർന്ന് രവീന്ദ്രന്റെ വീടിന്റെ പുറത്ത് പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച വെള്ളവും അടുക്കളവാതിൽ തകർത്ത് അകത്തുകയറി അടുക്കളയിൽ സൂക്ഷിച്ച വെള്ളവും ഒഴിച്ച് തീകെടുത്തി.
ഇതിനിടെ തന്നെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞു ശ്രീധന്യ കരഞ്ഞതോടെ മഞ്ജുവും സമീപവാസിയായ രണ്ട് ചെറുപ്പക്കാരും ചേർന്ന് കാറിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. 80 ശതമാനം പൊള്ളലേറ്റ ശ്രീധന്യയുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റു ബന്ധുക്കൾ എത്തിയെങ്കിലും ഓരോ നിമിഷവും ശ്രീധന്യയുടെ വിവരങ്ങൾ തിരക്കി ആശുപത്രിയിൽ തുടരുകയാണ് മഞ്ജു.
പൊള്ളലേറ്റ മകൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പുറ്റടി ഹോളി ക്രോസ് കോളജിന് സമീപം ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഭാര്യ ഉഷയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ചശേഷം രവീന്ദ്രൻ സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ അതേമുറിയിൽ മറ്റൊരു കട്ടിലിൽ ഉറങ്ങുകയായിരുന്ന മകൾ ശ്രീധന്യക്ക് (18) പൊള്ളലേറ്റു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കുടുംബപ്രശ്നങ്ങളാണ് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ രവീന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
പുലർച്ച ഒരു മണിയോടെ പടക്കം പൊട്ടുന്നപോലുള്ള ശബ്ദവും ഉച്ചത്തിലുള്ള കരച്ചിലും കേട്ടാണ് സമീപവാസികൾ ഉറക്കമുണർന്നത്. തീയും പുകയും കണ്ട് അയൽവാസികൾ എത്തുമ്പോൾ മകൾ ശ്രീധന്യ കത്തിക്കരിഞ്ഞ വസ്ത്രങ്ങളുമായി വീടിനു മുന്നിൽനിന്ന് നിലവിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. കിടപ്പുമുറിയിലേക്ക് കടക്കാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല. വീട്ടുമുറ്റത്ത് ശുചിമുറിയോട് ചേർന്ന് പ്ലാസ്റ്റിക് വീപ്പയിലെ വെള്ളം ഉപയോഗിച്ച് തീയണച്ചെങ്കിലും രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു.
ഇതിനിടെ അയൽവാസികൾ ചേർന്ന് ശ്രീധന്യയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു. പുറ്റടി പഞ്ചായത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ് ശ്രീധന്യ.
രവീന്ദ്രനും ഭാര്യയും കിടന്ന കട്ടിലും മുറിയിലെ ഉപകരണങ്ങളും പൂർണമായി കത്തിയ നിലയിലാണ്. ഒരു മുറിയും ഹാളും അടുക്കളയും മാത്രമുള്ള സിമന്റ്കട്ട കൊണ്ടു കെട്ടിയ ചെറിയ വീട്ടിലാണ് രവീന്ദ്രനും കുടുംബവും കഴിഞ്ഞിരുന്നത്.
ലൈഫ് ഭവന പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചിരുന്നു. ഇതിന്റെ നിർമാണത്തിനായി മെറ്റലും വീട്ടുമുറ്റത്ത് ഇറക്കിയിട്ടിട്ടുണ്ട്. മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയപ്പോൾ മുറിയിലെ കർട്ടൻ കത്തി ശ്രീധന്യയുടെ വസ്ത്രത്തിലേക്ക് വ്യാപിക്കുകയായിരുന്നുവെന്ന് കരുതുന്നു. വിവാഹിതയായ ശ്രുതി മറ്റൊരു മകളാണ്.
ഇടുക്കി ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. ഇരുവരുടെയും സംസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.