കട്ടപ്പന: യൂത്ത് കോൺഗ്രസ് കട്ടപ്പന ഡിവൈ.എസ്.പി ഒാഫിസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി കെ.എസ്. അരുൺ, പീരുമേട് നിയോജകമണ്ഡലം പ്രസിഡൻറ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രൻ (മുണ്ടിയെരുമ), ജില്ല കമ്മിറ്റി അംഗം ടിനു ദേവസിയ (പശുപാറ) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
കെ.എസ്.യു സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രൻ, ജില്ല കമ്മിറ്റി അംഗം ടിനു ദേവസിയ (പശുപാറ) എന്നിവരെ അവരുടെ വീടുകളിൽനിന്ന് പുലർച്ചയാണ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കന്മാർ സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇവരെ കട്ടപ്പന കോടതിയിൽ ഹാജരാക്കി. കോവിഡ് പരിശോധനക്കുശേഷം റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. ഇവരിൽ ഒരാൾക്ക് ആൻറിജൻ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു.
തുടർന്ന് ഇയാളെ കട്ടപ്പനയിലെ കോവിഡ് ഫൈസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററിലേക്ക് മാറ്റി. മറ്റു മൂന്നുപേരെ മുട്ടത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ ജീപ്പ് ഡ്രൈവറും ആറു പൊലീസുകാരും നിരീക്ഷണത്തിലായി.
മാർച്ചുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന എഴുപതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വണ്ടന്മേട് സി.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. പ്രവർത്തകർ പൊലീസ് ജീപ്പിെൻറ ചില്ല് തല്ലിത്തകർത്തിരുന്നു.
സെക്രട്ടേറിയറ്റിലെ ഒാഫിസിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയാരോപിച്ചാണ് യൂത്ത് കോൺഗ്രസ് കട്ടപ്പന ഡിവൈ.എസ്.പി ഒാഫിസിലേക്ക് മാർച്ച് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.