കട്ടപ്പന: ഇടുക്കി വന്യജീവി സാങ്കേതത്തിൽനിന്ന് മോഷ്ടിച്ച എട്ടുലഷം രൂപയുടെ രണ്ട് ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ (39), പത്തനംതിട്ട തിരുവല്ല സ്വദേശികളായ നീരേറ്റുപുറം വാലയിൽ സാബു സാമുവൽ (35), ഇയാളുടെ ഡ്രൈവർ മുത്തൂർ പൊന്നാക്കുഴിയിൽ പി.എസ്. പ്രശാന്ത് (34), ഇടുക്കി ഉപ്പുതറ ചിറ്റൂർ സ്കറിയ ജോസഫ്(ബേബിച്ചൻ-65) എന്നിവരാണ് അറസ്റ്റിലായത്. പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ വനംവകുപ്പ് തേക്കടി, അയ്യപ്പൻകോവിൽ റേഞ്ചിലെ വനപാലകർ സംയുക്തമായാണ് പരിശോധന നടത്തിയത്.
മൂന്നുപേരെ വെള്ളയാംകുടിയിൽനിന്ന് സ്കറിയയെ ഉപ്പുതറയിലെ വീട്ടിൽനിന്നുമാണ് പിടികൂടിയത്. ആനക്കൊമ്പുകൾ വാങ്ങാൻ എന്ന പേരിൽ ഉദ്യോഗസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെട്ടു. ആനക്കൊമ്പുകൾ തന്നെയാണെന്ന് ഉറപ്പുവരുത്തി എട്ടുലക്ഷം രൂപക്ക് കൊമ്പുകൾ വിൽക്കാൻ പ്രതികൾ സമ്മതിച്ചു. തുടർന്ന് മൂവരെയും കട്ടപ്പനക്ക് സമീപം വെള്ളയാംകുടിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ സ്കറിയയെ അറസ്റ്റ് ചെയ്തത്.
സ്കറിയയുടെ പക്കൽനിന്ന് 25,000 രൂപക്ക് ആനക്കൊമ്പുകൾ വാങ്ങിയതെന്നാണ് പ്രതികളിൽ ഒരാളായ സജി വനപാലകർക്ക് നൽകിയ മൊഴി. കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ് അന്വേഷണ സംഘം. ഇവർ മുമ്പും കൊമ്പുകൾ വിൽപന നടത്തിയിട്ടുണ്ടെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. വെള്ളയാംകുടിയിൽ എത്താൻ സഞ്ചരിച്ച സ്കൂട്ടറുകളും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളെ ചൊവ്വാഴ്ച കട്ടപ്പന കോടതിയിൽ ഹാജരാക്കും. തേക്കടി, അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസർമാരായ അഖിൽ ബാബു, റോയ് വി.രാജൻ, എസ്. എഫ്.ഒ വി.സി. സെബാസ്റ്റ്യൻ, ബി.എഫ്.ഒമാരായ ജോജി മോൻ, സൂരജ് ലാൽ കെ.എസ്, ആർ.എൻ. പ്രവീൺ, ജിതിൻ വിജ യൻ, രാഖി അഗസ്റ്റിൻ, ജയ്സി ജയിംസ് തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.