കട്ടപ്പന: ഗോത്രസാരഥി പദ്ധതി ‘വിദ്യാവാഹിനി’ പേരിലേക്ക് മാറി വ്യവസ്ഥകളിലും മാറ്റം വരുത്തിയതോടെ കഴിഞ്ഞ അധ്യയനവര്‍ഷം വരെ ഗോത്രസാരഥി പദ്ധതിയിൽ ഉള്‍പ്പെട്ട ആദിവാസിക്കുട്ടികളില്‍ പലര്ക്കുമിപ്പോള് സൗജന്യയാത്ര ലഭിക്കുന്നില്ലെന്ന് ആക്ഷേപം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക ബാധ്യത വന്നതോടെയാണ് പദ്ധതി പട്ടികവര്‍ഗ വകുപ്പ് ഏറ്റെടുക്കുകയും നിബന്ധനകളില്‍ മാറ്റം വരുത്തുകയും ചെയ്തത്.
ദുര്‍ഘടപാതകളുള്ള ഊരുകളിലേക്ക് മാത്രമായി പദ്ധതി നിജപ്പെടുത്തിയതാണ് ആദിവാസി മേഖലയിലെ മിക്ക കുട്ടികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് തടസ്സമായത്. ബസ് സര്‍വിസ് ഇല്ലാത്ത മേഖലയില്‍നിന്നുള്ളവർക്ക് ഇതോടെ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടി വരും. ഈ ചെലവ് താങ്ങാൻ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നുമില്ല. സൗജന്യയാത്ര സാധ്യമാകാതെ വന്നതോടെ ഗോത്രവിഭാഗത്തിലെ വിദ്യാർഥികളുടെ കുറവ് സ്കൂളുകളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് അധ്യാപകരും പറയുന്നു. വിദൂര ആദിവാസി മേഖലകളില്‍നിന്ന് കുട്ടികളെ വാഹനത്തില്‍ സ്കൂളുകളിലെത്തിക്കാൻ പട്ടികവര്‍ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ഗോത്രസാരഥി.
ഈ വര്‍ഷം മുതല്‍ പേര് മാറ്റി വിദ്യവാഹിനി എന്നാക്കി. ജീപ്പുകളും ഓട്ടോകളും വാടകക്കെടുത്താണ് നടപ്പാക്കുന്നത്. എന്നാല്‍, കാലവര്‍ഷം ശക്തമാകുന്നതോടെ ആദിവാസിക്കുടിലുകളിലേക്ക് വാഹനങ്ങള്‍ വരാതെയാകും. ഇടുക്കി അഞ്ചുരുളി ആദിവാസി മേഖലയില്‍നിന്ന് സ്കൂളിലെത്തണമെങ്കില് അഞ്ചു കിലോമീറ്ററിലധികം യാത്ര ചെയ്യണം. റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. കാറ്റും മഴയും ശക്തമാകുന്നതോടെ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. മലയോര മേഖലകളിലെ യാത്ര ഒഴിവാക്കണമെന്ന നിർദേശം കൂടി വരുന്നതോടെ ഈ കുട്ടികളുടെ സ്കൂള്‍ യാത്ര തടസ്സപ്പെടും. മതിയായ യാത്ര സൗകര്യമില്ലാത്തതിനാല്‍ പട്ടികവര്‍ഗ കുട്ടികള്‍ക്ക് സ്കൂളിലെത്താൻ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനുമാണ് വിദ്യാവാഹിനി പദ്ധതി നടപ്പാക്കിയത്.
സ്കൂളുകളില്‍ രൂപവത്കരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. പട്ടികവര്‍ഗക്കാരായ ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും കൂടി ജോലിയും വരുമാനവും ഉറപ്പാക്കുന്ന രീതിയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും സര്‍ക്കാര്‍ നിർദേശത്തിലുണ്ട്. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലായി 80,000 കുട്ടികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്.
സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയനുസരിച്ച് എൽ.പി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വീട്ടില്‍നിന്ന് സ്കൂളിലെത്താൻ അരകിലോമീറ്ററില്‍ കൂടുതലും യു.പി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു കിലോമീറ്ററില്‍ കൂടുതലും ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ട് കിലോമീറ്ററില്‍ കൂടുതലും ദൂരമുണ്ടെങ്കില്‍ അനുയോജ്യമായ വാഹനം ഏര്‍പ്പെടുത്തി നല്‍കണമെന്നായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.