കട്ടപ്പന: കലോത്സവം കലാപത്തിന്റെ വേദിയായി മാറുന്ന കാഴ്ചയാണ് ജില്ല സ്കൂൾ കലോത്സവത്തിന്റെ മൂന്നാംനാൾ കട്ടപ്പനയിൽ കണ്ടത്. നൃത്ത ഇനങ്ങളിലെ വിധിനിർണയത്തെക്കുറിച്ച് രണ്ട് ദിവസമായി ഉയർന്നുകേട്ട വിവാദങ്ങൾ മൂന്നാം ദിനം ഉച്ചസ്ഥായിയിലായി.
വിധിനിർണയത്തിൽ പ്രതിഷേധിച്ച് മത്സരാർഥികളും രക്ഷിതാക്കളും ബന്ധുക്കളും മത്സരവേദിയിലേക്ക് ഇരച്ചുകയറിയപ്പോൾ സംഭവം കൈയാങ്കളിയായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഒടുവിൽ പൊലീസിന് ബലം പ്രയോഗിക്കേണ്ടിയും വന്നു.
ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ട മത്സരം നടന്ന ഒന്നാം വേദിയായ സെന്റ് ജോർജ് എച്ച്.എസ്.എസ് സ്കൂളിലെ ഓപൺ സ്റ്റേജിലാണ് സംഘർഷമുണ്ടായത്.
കട്ടപ്പനയിൽതന്നെയുള്ള ഒരു നൃത്താധ്യാപകന്റെ ശിഷ്യർക്കാണ് നൃത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് വിധികർത്താക്കളെന്നുമാണ് രക്ഷിതാക്കളും മത്സരാർഥികളും ആരോപിച്ചത്.
മത്സരം ആരംഭിക്കുംമുമ്പ് പങ്കെടുക്കുന്നവരുടെ ക്രമത്തിലുള്ള ചെസ്റ്റ് നമ്പറുകൾ അനൗൺസ് ചെയ്തത് ക്രമക്കേട് നടത്താനാണെന്നും ഇത് ചട്ടവിരുദ്ധമാണെന്നുമായിരുന്നു ആരോപണം.
പ്രതിഷേധത്തിനിടയിൽ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിന്റെ ഫലപ്രഖ്യാപനം വൈകി. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ പ്രതിഷേധക്കാർ സൂചിപ്പിച്ച അതേ ചെസ്റ്റ് നമ്പറിനുതന്നെ ഒന്നാം സ്ഥാനം അനൗൺസ് ചെയ്തതോടെ രക്ഷിതാക്കളും മത്സരാർഥികളും ബന്ധുക്കളും വിധികർത്താക്കൾ ഇരിക്കുന്നിടത്തേക്ക് തള്ളിക്കയറി. പൊലീസ് ഇവരെ തടയാൻ ശ്രമിച്ചത് കൈയാങ്കളിയിലെത്തി. പീരുമേട് സി.പി.എം.ജി.എച്ച്.എസ്.എസിലെ അർച്ചന ബിജുവും മാതാവും സഹോദരങ്ങളുമാണ് പ്രധാനമായും പ്രതിഷേധിച്ചത്. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം ഇവർ ഡി.ഡി.ഇയുടെ മുന്നിൽ പരാതിയുമായെത്തി.
ഭരതനാട്യത്തിൽ ഡിപ്ലോമയുള്ളയാളെയാണ് മോഹിനിയാട്ടത്തിൽ വിധികർത്താവാക്കിയതെന്നും ഒത്തുകളിക്കുന്ന വിധികർത്താക്കളെ മാറ്റിയ ശേഷമേ ഇനി മത്സരിക്കാനുള്ള കേരളനടനം, ഓട്ടൻതുള്ളൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കൂവെന്നുമായിരുന്നു അർച്ചന ബിജുവിന്റെ നിലപാട്.
തൊട്ടുപിന്നാലെ സമാന പരാതിയുമായി പതിനാറാംകണ്ടം ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അമേയയും പിതാവിനൊപ്പം ഡി.ഡി.ഇക്കു മുന്നിലെത്തി. പരാതിപ്രളയത്തിനിടയിൽ ഡി.ഡി.ഇ ആർ. വിജയ തന്റെ നിസ്സഹായത തുറന്നുപറഞ്ഞു. സംസ്ഥാനതലത്തിലെ പാനലിൽനിന്നും വന്ന വിധികർത്തക്കളാണെന്നും തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു ഡി.ഡി.ഇയുടെ വിശദീകരണം. അപ്പീൽ നൽകാൻപോലും കഴിയാത്ത വിധത്തിൽ വിധിനിർണയത്തിൽ കള്ളക്കളി നടത്തിയെന്നും രക്ഷിതാക്കൾ ആരോപിച്ചു.
പരാതി പറഞ്ഞ് പിരിഞ്ഞുപോയെങ്കിലും പിന്നീട് അധികൃതർ അർച്ചന ബിജുവിനെയും അമ്മയെയും വിളിച്ചുവരുത്തി ക്ഷമാപണം എഴുതി വാങ്ങി. കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിധികർത്താക്കൾ ആവശ്യപ്പെട്ടതിനാലാണ് മാപ്പെഴുതി വാങ്ങിച്ചതെന്ന് ഡി.ഡി.ഇ ആർ. വിജയ പറഞ്ഞു.
കലോത്സവത്തിന്റെ ആദ്യ ദിവസം മുതൽ വിധിനിർണയത്തിലെ പക്ഷാഭേദത്തെക്കുറിച്ച് വ്യാപക പരാതിയാണ് ഉയർന്നത്. അതിനിടയിൽ വധികർത്താക്കളുടെ സംഭാഷണം ചോർന്നതും പരാതിക്ക് ബലമേകുന്നതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.