വേനൽ ശക്തമായതോടെ ഏലച്ചെടികൾ ഉണങ്ങാൻ തുടങ്ങിയ ഇരട്ടയാറിലെ ഒരു തോട്ടത്തിൽനിന്നുള്ള കാഴ്ച
കട്ടപ്പന: വേനൽചൂട് വർധിച്ചതോടെ ഹൈറേഞ്ചിലെ ഏലച്ചെടികൾ കരിഞ്ഞുണങ്ങുന്നു. പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാതെ വരുകയും അന്തരീക്ഷത്തിൽ ചൂട് വർധിക്കുകയും ചെയ്തതോടെ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ ഏലച്ചെടികൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയിരിക്കുകയാണ്. ജലസേചന സൗകര്യമില്ലാത്ത ഏലത്തോട്ടങ്ങളെയാണ് ഉണക്ക് കാര്യമായി ബാധിച്ചിരിക്കുന്നത്.
കട്ടപ്പന മേഖലയിൽ ഇതുവരെ വേനൽ മഴ ലഭിച്ചിട്ടില്ല. വളകോട് മേഖലയിൽ നേരിയ തോതിൽ മാത്രമാണ് മഴ ലഭിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉൽപാദിപ്പിക്കുന്ന വണ്ടൻമേട്, മാലി മേഖലകളിൽ ഉണക്ക് ശക്തമാണ്. ആനവിലാസം, അണക്കര, കൊച്ചറ, കരുണാപുരം, കമ്പംമെട്ട്, പുളിയൻമല, വെള്ളാരംകുന്ന്, കാഞ്ചിയാർ, മേപ്പാറ, മേരികുളം, വള്ളക്കടവ് തുടങ്ങിയ മേഖലകളിലെല്ലാം ഏലച്ചെടികൾ ഉണങ്ങി തുടങ്ങി.
ഏലത്തിന് നല്ലവില ലഭിക്കുന്ന ഘട്ടത്തിൽ ചെടികൾക്കുണ്ടായ നാശം ഉൽപാദനത്തെയും കാര്യമായി ബാധിക്കും. അടുത്ത വർഷം ഉൽപാദനം കുറയാനും സാധ്യതയുണ്ട്.
നല്ലമഴയും മഞ്ഞുമുള്ള കാലാവസ്ഥയാണ് ഏലത്തിന് അനുയോജ്യം. ഏലച്ചെടികൾക്ക് ശരം ഉണ്ടായി പൂവ് വിടരുന്ന സമയമാണിത്. മഴ കിട്ടിയില്ലെങ്കിൽ ശരം വാടി കായ് പൊഴിയും. ഇത് ചെടികൾ നശിക്കുന്നതിനും ഉൽപാദനം ഇല്ലാതാകുന്നതിനും ഇടയാക്കും. ഈ വർഷം കിലോക്ക് ശരാശരി 1700 രൂപക്ക് മുകളിൽ വില ലഭിച്ചതിനാൽ കർഷകർ പ്രതീക്ഷയിലായിരുന്നു.
വേനൽ ശക്തമായതോടെ എല്ലാ പ്രതീക്ഷയും ഇല്ലാതാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തിനും കാര്യമായ ജലസേചന സൗകര്യമില്ല.
വൻതുക മുടക്കി മോട്ടോറും പമ്പ് സൈറ്റും സ്ഥാപിക്കാൻ വലിയ മുതൽമുടക്ക് ആവശ്യമാണ്. ചെറുകിട ഏലകർഷകരെ സംബന്ധിച്ചിടത്തോളം ഇതിന് സാധിക്കാത്തതിനാൽ ഭൂരിഭാഗം ചെറുകിട കർഷകരുടെയും ഏലകൃഷി വേനലിൽ നശിക്കാനാണിട. ഇത് ജില്ലയിൽ കർഷകരെ വലിയ ബാധ്യതകളിലേക്ക് തള്ളിവിടും. കൃഷിയിടങ്ങളിൽ ജലസേചനത്തിന് ആവശ്യമായ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കാൻ സ്പൈസസ് ബോർഡ് സബ്സിഡി നൽകണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.