കട്ടപ്പന: സഹസ്രദളപത്മമുൾപ്പെടെ നൂറിനം താമരയുമായി കൊച്ചുതോവാള സ്വദേശി ഹണി. വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് ബേസണിലാണ് ഹണിയുടെ താമര കൃഷി. 100 വ്യത്യസ്ത ഇനം താമരയും വിവിധയിനം ആമ്പലുംകൊണ്ട് സമ്പന്നമാണിപ്പോൾ കൊച്ചുതോവാള വെള്ളൂക്കര ഹണിയുടെ വീട്ടുമുറ്റം. വീടുൾപ്പെടെ 15 സെന്റ് സ്ഥലത്താണ് ഹണിയും ഭർത്താവ് സന്തോഷും ചേർന്ന് താമരത്തോട്ടം നിർമിച്ചിട്ടുള്ളത്. വർഷങ്ങളായി വിവിധയിനം പൂക്കളുടെ ശേഖരമുണ്ടായിരുന്ന ഹണി രണ്ടുവർഷം മുമ്പാണ് താമര പരിപാലനത്തിലേക്ക് ഇറങ്ങുന്നത്.
വിവിധയിടങ്ങളിൽനിന്നും അമ്പതിലധികം താമരകൾ വാങ്ങി കൃഷി ആരംഭിച്ചു. പ്ലാസ്റ്റിക് ബേസിനിലാണ് താമര നടുന്നത്. താമരയെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാൽ നിലവാരം കുറഞ്ഞ വിത്തുകളാണ് ആദ്യം ലഭിച്ചത്. ഇവയിൽ മികച്ച പൂക്കൾ വിരിയാതെ വന്നതോടെ താമരത്തൈകൾ വാങ്ങി കൃഷി ആരംഭിക്കുകയായിരുന്നു. നൂറിലധികം ഇനത്തിലുള്ള താമരകളാണ് ഹണിയുടെ വീട്ടുമുറ്റത്ത് സമൃദ്ധമായി പൂത്തുനിൽക്കുന്നത്.
ഹൈബ്രിഡ് ഇനത്തിലെ പ്രധാനിയായ മിറക്കിൾ, ആയിരം ഇതളുള്ള സഹസ്രപത്മം, തായ്ലൻഡ് ഇനങ്ങളായ പിങ്ക് ക്ലൗഡ്, പീകോഫ് പിങ്ക്, ഗ്രീൻ ആപ്പിൾ തുടങ്ങി ലേഡി ബിംയ്, ലിറ്റിൽ റെയ്ൻ, റെഡ് ഷാങ്ഹായ്, പിങ്ക് സീരീസ്, വൈറ്റ് സീരീസ്, റെഡ് സീരീസ് തുടങ്ങി വിവിധയിനം താമരകളാണ് വിരിഞ്ഞ് നിൽക്കുന്നത്. സൂര്യപ്രകാശം നല്ലരീതിയിൽ ലഭിക്കുന്ന ഏത് സ്ഥലങ്ങളിലും താമരകൃഷി ചെയ്യാമെന്ന് ഹണി പറയുന്നു. വിവിധയിനത്തിലുള്ള ആമ്പലുകളും അലങ്കാരച്ചെടികളും ഹണിയുടെ വീട്ടുമുറ്റത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.