കട്ടപ്പന: പേരിൽ മാത്രമല്ല വിഭവങ്ങളുടെ രുചിയിലും തനിമ നിറച്ച് ശ്രദ്ധേയമാകുകയാണ് കുടുംബശ്രീയുടെ കീഴിൽ കട്ടപ്പന ഐ.ടി.ഐ ജങ്ഷനിൽ പ്രവർത്തിക്കുന്ന ‘തനിമ’ ജനകീയ ഹോട്ടൽ. 20 രൂപക്ക് വയറുനിറച്ച് ഊണ് ലഭിക്കുന്ന ഇവിടം നട്ടുച്ചയായാൽ സാധാരണക്കാരെക്കൊണ്ട് നിറയും. കഴിഞ്ഞ സെപ്റ്റംബർ 12ന് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ കട്ടപ്പനക്കാരുടെ രുചിയുടെ കേന്ദ്രമായി. കുടുംബശ്രീ അംഗളായ ഷൈനി ജിജി, സോണിയ ജെയ്ബി, സ്മിത ജോയി, ആൻസി സണ്ണി എന്നിവർ ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. പ്രതിദിനം 350ഓളം പേർ ഇവിടെ ഉച്ചഭഷണത്തിന് എത്തുന്നുണ്ട്. സാധരണക്കാരും തൊഴിലാളികളുമെല്ലാം വീട് വിട്ടാൽ മറ്റൊരു വീടായാണ് ജനകീയ ഭക്ഷണശാലയെ കാണുന്നത്. മൂന്നുകൂട്ടം കറിയും സാമ്പാറും അടക്കം രാവിലെ 11.30 മുതൽ മൂന്ന് മണി വരെയാണ് ഊണ് വിളമ്പുന്നത്. എന്നാൽ, സർക്കാറിൽനിന്നുള്ള സബ്സിഡി ഇനത്തിൽ വൻ തുക കുടിശ്ശികയാണെന്നും ഇത് ലഭിക്കാതെ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയിലാണെന്നും നടത്തിപ്പുകാർ പറയുന്നു. എട്ടുമാസമായി സബ്സിഡി ലഭിച്ചിട്ടില്ല. ഒരു ഊണിന് 10 രൂപയാണ് സർക്കാറിൽനിന്ന് സബ്സിഡിയായി ലഭിക്കേണ്ടത്. ഇതിനുള്ള നെട്ടോട്ടത്തിലാണ് കുടുംബശ്രീ ഭാരവാഹികൾ. ഏത് പ്രതിസന്ധിയിലും പിടിച്ചുനിൽക്കാനുള്ള തത്രപ്പാട് ചെറുതല്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ‘തനിമ’യുടെ പ്രവർത്തനം നിലക്കാതിരിക്കാൻ നഗരസഭ അധികൃതരും ശ്രമിക്കുന്നുണ്ട്. പ്രവർത്തനം നിലച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക തൊഴിലാളികളെയും സാധാരണക്കാരെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.