കട്ടപ്പന: കുരുമുളക് വില ഉയർന്ന് 620 രൂപയിലെത്തിയിട്ടും കർഷകർക്ക് ഗുണമില്ലാത്ത സ്ഥിതി. ഓഫ് സീസൺ ആയതും കർഷകരുടെ പക്കൽ സ്റ്റോക്ക് ഇല്ലാത്തതുമാണ് കുരുമുളക് വില ഉയർച്ചയുടെ പ്രയോജനം ഒട്ടും കിട്ടാത്ത അവസ്ഥയുണ്ടാകാൻ കാരണം. സംസ്ഥാനത്ത് ശനിയാഴ്ച കുരുമുളക് അൺ ഗാർബിൾഡ് 620 രൂപക്കും ഗാർബിൾഡ് 630 രൂപക്കും വാങ്ങാൻ ആളുണ്ടായിരുന്നു. എന്നാൽ, വിൽക്കാൻ ആരും മുന്നോട്ടുവരാത്ത സ്ഥിതിയാണ്. കുരുമുളക് വില മൂന്നാഴ്ചയായി കുതിക്കുകയാണ്.
രണ്ട് മാസം മുമ്പ് കിലോക്ക് 480 രൂപയായിരുന്നു കുരുമുളക് വില. രണ്ടാഴ്ച മുമ്പ് പെട്ടെന്നാണ് വില ഉയരുന്ന പ്രവണത കാണിച്ചത്. രണ്ടാഴ്ചകൊണ്ട് വില കിലോക്ക് 620 രൂപയിൽ എത്തി. ഇപ്പോഴത്തെ രീതിയിൽ വില ഉയരുന്നത് തുടർന്നാൽ ഒരു മാസത്തിനിടെ 750 രൂപയിൽ എത്തുമെന്നാണ് പ്രമുഖ വ്യാപാരികൾ നൽകുന്ന സൂചന. എന്നാൽ, ഈ വില ഉയർച്ചയുടെ പ്രയോജനം വ്യാപാരികൾക്കും ഇടനിലക്കാർക്കും മാത്രമാകും. കർഷകരുടെ പക്കൽ ഇനി കുരുമുളക് സ്റ്റോക്ക് എത്താൻ അഞ്ചു മാസം കഴിയണം. അതുവരെ വിപണിയിലെ വില ഉയർച്ച നിലനിൽക്കുമോയെന്ന് കണ്ടറിയണം. കാലാവസ്ഥ വ്യതിയാനവും രോഗബാധയും കേരളത്തിലെ കുരുമുളക് ഉൽപാദനത്തിൽ വലിയ ഇടിവുണ്ടാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.