കട്ടപ്പന: ഖത്തറിലേക്ക് അയച്ച ഏലക്കയിൽ കീടനാശിനിയുടെ അമിത സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചയച്ചു. ഏലക്കയിൽ മോണോക്രോപ്റ്റോഫോസ് എന്ന നിരോധിത കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. അന്തർദേശീയമായി നിരോധിച്ച കീടനാശിനിയാണിത്. ഇന്ത്യയിൽ ഈ കീടനാശിനി വ്യാപകമായി പ്രയോഗിക്കുന്നുണ്ട്. ഇതാണ് ഏലക്ക തിരിച്ചയക്കാൻ ഇടയാക്കിയത്.
ഖത്തര്‍ മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പരിശോധനയിലാണ് അമിത അളവിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഖത്തറിന് പിന്നാലെ കൂടുതല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങൾ ഏലക്കക്ക് വിലക്ക് ഏർപ്പെടുത്തുമോ എന്ന ഭീതിയിലാണ് ഏലം കര്‍ഷകര്‍.
യൂറോപ്യന്‍ വിപണിയില്‍ നേരത്തേതന്നെ ഇടുക്കി ഏലക്കക്ക് തിരിച്ചടി നേരിട്ടിരുന്നു. നിലവില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഇന്ത്യന്‍ ഏലക്കയുടെ പ്രധാന വിദേശ വിപണി. എന്നാല്‍, തുടര്‍ച്ചയായി നിലവാരത്തകര്‍ച്ച നേരിടുന്നതോടെ ഇടുക്കി ഏലക്ക വിദേശ വിപണിയില്‍നിന്ന് പുറന്തള്ളപ്പെടുകയാണ്. കയറ്റുമതിക്ക് തടസ്സം നേരിട്ടതിനാൽ ഏലക്ക വില കുത്തനെ ഇടിയുന്നതിനും കാരണമാകുന്നുണ്ട്.
ഏലത്തിന്റെ തണ്ട് നശിപ്പിക്കുന്ന തണ്ടുതുരപ്പൻ പുഴുവിനെ തീരെയാണ് മോണോക്രോപ്റ്റോഫോസ് കീടനാശിനി പ്രയോഗിക്കുന്നത്. ഇഞ്ചികൃഷിക്കും മറ്റ് ചില വിളകൾക്കും ഈ കീടനാശിനി ഉപയോഗിക്കുന്നുണ്ട്. നിരോധിച്ച ഈ കീടനാശിനി തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്ക് വൻതോതിൽ എത്തുന്നത്. മറ്റ് കീടനാശിനികൾ ഈ കീടത്തിനെതിരെ ഫലപ്രദമല്ലാത്തതാണ് കർഷകർ ഈ നിരോധിത കീടനാശിനിയെതന്നെ ആശ്രയിക്കാൻ കാരണം. സ്പൈസസ് ബോർഡ് ഇക്കാര്യത്തിൽ കർഷകരെ വേണ്ടവിധം ബോധവത്കരിക്കാത്തതും ഈ കീടനാശിനിയുടെ ഉപയോഗം വർധിക്കാൻ ഇടയാക്കുന്നു. ഇടുക്കിയിലെ കർഷകരിൽ ഒരുവിഭാഗം ജൈവരീതിയിലാണ് ഏലം കൃഷി ചെയ്യുന്നത്. ഇവർ ഉൽപാദിപ്പിക്കുന്ന ഏലക്ക മാർക്കറ്റിൽ കൂടിയ വിലയ്ക്കാണ് വിറ്റഴിയുന്നത്. ഏലത്തിന്റെ വിലയിടിവിനെ ഫലപ്രദമായി നേരിടാനും ജൈവകൃഷി വഴി സാധിക്കും.
ഏലം കിലോക്ക് 600-900 രൂപയാണ് ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന ശരാശരി വില. ഈ വർഷം സീസണില്‍ കനത്ത നഷ്ടമാണ് ഏലം കര്‍ഷകര്‍ നേരിടുന്നത്. ഇടുക്കി ജില്ലയില്‍ ആയിരക്കണക്കിന് പേരാണ് ഏലം കൃഷിയെ ആശ്രയിച്ച് മാത്രം ജീവിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ വിലത്തകര്‍ച്ചയും കയറ്റുമതി നിരോധനവും ഏലക്കൃഷിയുടെ അന്ത്യം കുറിക്കുമോ എന്ന ഭീതിയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.