കട്ടപ്പന: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വരുന്ന പച്ചക്കറി ലോറികളിൽ വൻതോതിൽ നിരോധിത രാസ കീടനാശിനികൾ കടത്തുന്നു. ഒരുമാസത്തിനിടെ 5000 ലിറ്ററിലധികം കീടനാശിനി കേരളത്തിലെത്തിയെന്നാണ് വിവരം.
കുമളി, അണക്കര, ചക്കുപള്ളം, കട്ടപ്പന, കാഞ്ചിയർ, നെടുംകണ്ടം, പാമ്പാടുംപാറ, മഞ്ഞപ്പാറ, ശാന്തൻപാറ, ദേവികുളം, ആനവിലാസം, വെള്ളാരംകുന്ന്, ഇരട്ടയാർ, മുരിക്കാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കീടനാശിനി കടത്തിയത്. മുമ്പ് തോട്ടം തൊഴിലാളികളെ ഉപയോഗിച്ചാണ് കടത്തിയിരുന്നത്.
എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികൾ കേരളത്തിലേക്കുവരുന്നത് കുറഞ്ഞതോടെയാണ് പച്ചക്കറി ലോറികളിൽ രഹസ്യമായി കടത്താൻ തുടങ്ങിയത്. ലോറിയുടെ പ്ലാറ്റ്ഫോമിൽ കീടനാശിനി പെട്ടികൾ അടുക്കും. ഇതിനുമുകളിൽ ഉള്ളി, സവാള, പച്ചക്കറി ചാക്കുകൾ അടുക്കി പുറത്തറിയാത്ത രീതിയിലാണ് കടത്ത്.
ചെക്പോസ്റ്റുകളിൽ പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ കടത്തൽ എളുപ്പമാണ്. കീടനാശിനിയുടെ രൂക്ഷഗന്ധം പുറത്ത് അനുഭവപ്പെട്ടാലും പച്ചക്കറികളിൽ തളിക്കുന്നതിെൻറ മണമാണെന്ന് പറഞ്ഞു തടിതപ്പുമെന്ന് ഒരുലോറി ഡ്രൈവർ പറഞ്ഞു. നിരോധിത കീടനാശിനികൾ മറ്റു പേരുകൾ രേഖപ്പെടുത്തിയ ടിന്നുകളിലാണ് കടത്തുന്നത്. ഇതിനു പ്രത്യേക ഏജൻറുമാരുമുണ്ട്.
കമ്പം, തേനി, ഗുഡല്ലൂർ, മധുര, തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കൊണ്ടുവന്ന് കമ്പത്തെ രഹസ്യകേന്ദ്രത്തിൽ സ്റ്റോക്ക് ചെയ്താണ് കടത്തൽ. അടുത്ത നാളിൽ കേരളത്തിൽനിന്ന് കയറ്റുമതി ചെയ്ത ഏലക്കയിൽ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനാൽ തിരിച്ചയച്ചിരുന്നു. തുടർന്ന് സ്പൈസസ് ബോർഡ് കർശന നടപടികളുമായി രംഗത്തുവെന്നങ്കിലും നിരോധിത കീടനാശിനി കടത്തലിനെതിരെ നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.